എയര്‍ ഇന്ത്യയുടെ സോഫ്റ്റ്‌വെയര്‍ തകരാര്‍: രണ്ടാം ദിവസം 137 സര്‍വീസുകളെ ബാധിച്ചു

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റം (പി.എസ്.എസ്) സോഫ്റ്റ്‌വെയര്‍ ശനിയാഴ്ച അഞ്ചു മണിക്കൂര്‍ തകരാറിലായതിനെ തുടര്‍ന്ന് ഞായറാഴ്ചയും സര്‍വീസുകളെ ബാധിച്ചു. 137 എയര്‍ ഇന്ത്യ വിമാനങ്ങളാണ് പലയിടത്തായി വൈകിയത്. ശരാശരി മൂന്ന് മണിക്കൂറിലേറെ സമയം സര്‍വീസുകള്‍ വൈകിയതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സോഫ്റ്റ്‌വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 8.45 വരെ ലോകത്തൊട്ടാകെ എയര്‍ ഇന്ത്യാ സര്‍വീസുകള്‍ നിലച്ചിരുന്നു. ശനിയാഴ്ച 149 വിമാനങ്ങളാണ് അഞ്ചു മണിക്കൂര്‍ വൈകിയത്. യാത്രക്കാരുടെ ചെക്ക് ഇന്‍, ബാഗേജ്, റിസര്‍വേഷന്‍ എന്നിവ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് തകരാറിലായത്. ആദ്യ സെക്ടറുകളില്‍ യാത്ര വൈകിയാല്‍ അത് രണ്ടാം സെക്ടറിലെ സര്‍വീസിനേയും ബാധിക്കും. ഇതാണ് ഞായറാഴ്ച വിമാനങ്ങള്‍ വൈകാന്‍ കാരണം. ഉദാഹരണത്തിന് ദല്‍ഹി-മുംബൈ ഒരു സെക്ടര്‍ ആണെങ്കില്‍ മുംബൈ-ബെംഗളുരു രണ്ടാം സെക്ടറാണ്. ബെംഗളുരു-ചെന്ന മൂന്നാം സെക്ടറും ആയിരിക്കും. ഒരു സെക്ടറില്‍ യാത്ര വൈകിയാല്‍ സ്വാഭാവികമായും തുടര്‍ന്നുള്ള സെക്ടറുകളിലും യാത്ര വൈകും. 

എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അലയന്‍സ് എയര്‍ എന്നിവ ഉള്‍പ്പെടെ ഒരു ദിവസം 674 വിമാന സര്‍വീസാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്.
 

Latest News