വിരമിച്ച ഏഴ് സൈനികര്‍ ബി.ജെ.പിയില്‍; സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി

ന്യൂദല്‍ഹി- ഏഴ് മുന്‍ സൈനികര്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലഫ്.ജന.ജെ.ബി.എസ് യാദവ്, ലഫ്. ജന. ആര്‍.ടി. സിംഗ്, ലഫ്. ജന. എസ്.കെ പത്യാര്‍, ലഫ്. ജന. സുനിത് കുമാര്‍, ലഫ്.ജന. നിതിന്‍ കോഹ്്‌ലി, കേണല്‍ ആര്‍.കെ. ത്രിപാഠി, വിങ് കമാന്‍ഡര്‍ നവ്‌നീത് മഗോണ്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
സായുധ സേനകളില്‍ സുപ്രാധാന ചമുതലകള്‍ വഹിച്ചിരുന്ന മുതിര്‍ന്ന ജനറല്‍മാരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാന്‍ അതിയായ സന്തോഷമുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബി.ജെ.പിക്ക് ഇവരോട് കടപ്പാടുണ്ട്. ദേശീയ സുരക്ഷാ നയം രൂപം നല്‍കുന്നതില്‍ ഇവര്‍ മാര്‍ഗനിര്‍ദേശം നല്‍കും. ഓരോരുത്തരേയും അവര്‍ രാജ്യത്തിനു നല്‍കിയ സേവനം മുനിര്‍ത്തി സ്വാഗതം ചെയ്യുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ബി.ജെ.പിയില്‍ അംഗത്വം നല്‍കി ആദരിച്ചതിന് ബി.ജെ.പിയോടും പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ഷോയടും നന്ദിയുണ്ടെന്ന് ലഫ്. ജന. ജെ.ബി.എസ് യാദവ് പറഞ്ഞു. രാജ്യം നിര്‍ണായക ഘടത്തിലാണെന്നും അതിവേഗം വികസിക്കുകയാണെന്നും വിരമിച്ച സൈനികര്‍ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാകേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തി താല്‍പര്യങ്ങളേക്കാള്‍ രാഷ്ട്രമാണ് മുകളിലെന്നും പ്രധാനമന്ത്രിയും മന്ത്രിമാരും ഭരണ കാലയളവില്‍ മഹത്തായ കാര്യങ്ങളാണ് ചെയ്തതെന്നും ലഫ്. ജന. എസ്.കെ. പത്യാല്‍ പറഞ്ഞു. രണ്ട് പ്രതിരോധ ഇടനാഴികള്‍ സ്ഥാപിച്ചു. ആയുധങ്ങള്‍ നിര്‍മിക്കുകയും ഡി.ആര്‍.ഡി.ഒക്ക് വന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു-അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതില്‍  പ്രധാനമന്ത്രി മോഡി അസാധാരണ മികവാണ് കാണിച്ചതെന്നും ജന. പത്യാല്‍ കൂട്ടിച്ചേര്‍ത്തു.  

 

 

Latest News