ഇടുക്കി- നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങളുമായി മുങ്ങിയ പ്രതിയെ ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം ഗുജറാത്തില്‍ നിന്ന് ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. ചെറുതോണി പോലീസ് കാന്റീനിലെ ജീവനക്കാരനായിരുന്ന വെളിയത്ത് ഗോകുല്‍ രാമകൃഷ്ണന്‍ (54) ആണ് അറസ്റ്റിലായത്. കാന്റീന്‍ ജോലിക്കു പുറമെ ഇടുക്കിയില്‍ സ്വന്തമായി ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം നിരവധി പേരില്‍ നിന്നായി 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു. ഇതുപയോഗിച്ച് നായരുപാറയില്‍ 60 സെന്റ് സ്ഥലവും ഇയാള്‍ വാങ്ങിയിരുന്നു. ഈ സ്ഥലം ഈടുവെച്ച് ഈടുവിലയേക്കാള്‍ കൂടുതല്‍ തുക വായ്പ വാങ്ങി ബേങ്കിനെയും കബളിപ്പിച്ചു. പിന്നീട് സ്ഥലം രഹസ്യമായി വില്‍പ്പന നടത്തിയശേഷം മാറിമാറി വാടകകെട്ടിടത്തിലായിരുന്നു താമസം.
1,94,000 രൂപ നഷ്ടപ്പെട്ട ഇടുക്കി നായരുപാറ കടുക്കശേരില്‍ സുജാത കുട്ടപ്പനുള്‍പ്പെടെ ഏതാനും പേര്‍ കോടതിയെ സമീപിച്ചതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങി. കബളിപ്പിക്കലിനിരയായ നിരവധിപേര്‍ കേസില്‍ കക്ഷിചേര്‍ന്നു. ഇതെത്തുടര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റുചെയ്യാന്‍ ഇടുക്കി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2015ല്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തിലുളള പ്രത്യേക സ്‌ക്വാഡ് ഇടുക്കി സി.ഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തില്‍ നിന്നും ഇയാളെ പിടികൂടിയത്. പോലീസ് അന്വേഷിച്ചു ചെന്നപ്പോള്‍ ഇയാള്‍ ഗുജറാത്തില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. കബളിപ്പിക്കല്‍, തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ഇയാളുടെ പേരിലുളളത്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മുട്ടം ജയിലിലേക്ക് റിമാന്റു ചെയ്തു.