ഇത് ട്രംപാണ്, ആര്‍ക്കും പണം നല്‍കില്ല; ഉത്തര കൊറിയന്‍ വാര്‍ത്ത തള്ളി

വാഷിംഗ്ടണ്‍- ഉത്തര കൊറിയയില്‍ മോഷണത്തിനു പിടിയിലായതിനു പിന്നാലെ അബോധാവസ്ഥയിലായ യു.എസ് വിദ്യാര്‍ഥി ഒട്ടോ വാംബിയറിനെ മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ ചികിത്സാ ചെലവായ 20 ലക്ഷം ഡോളര്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു.
2015 ല്‍ വിദ്യാര്‍ഥി സംഘത്തില്‍ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ പോയ വാംബയിര്‍ 17 മാസത്തെ ജയില്‍ ശിക്ഷക്കുശേഷമാണ് യു.എസില്‍ മടങ്ങിയെത്തിയത്. കോമയിലായിരുന്ന വാംബിയര്‍ പിന്നീട് മരിക്കുകയും ചെയ്തു.
വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെങ്കില്‍ ചികിത്സാ ചെലവ് നല്‍കണമെന്ന് ഉത്തര കൊറിയ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്ക പണം നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഒട്ടോ വാംബിയര്‍ക്കുവേണ്ടി 20 ലക്ഷം ഡോളറല്ല, ഒന്നും നല്‍കിയിട്ടില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ബന്ദികളെയാണ് മോചിപ്പിച്ചതെന്നും ഇതിനായി പണമൊന്നും നല്‍കിയിട്ടില്ലെന്നും അമേരിക്കയിലെ ഏറ്റവും വലിയ മധ്യസ്ഥാനാണ് താനെന്നും ട്രംപ് അവകാശപ്പെട്ടു.

ഉത്തര കൊറിയക്ക് പണം നല്‍കിയെന്ന വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് നേരത്തെ തയാറായിരുന്നില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരസ്യമാക്കാനാകില്ലെന്നും അതുകൊണ്ടാണ് ട്രംപ് ഭരണത്തില്‍ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കുന്നതെന്നുമായിരുന്നു അവരുടെ മറുപടി.

മെഡിക്കല്‍ ബില്‍ നല്‍കാനുള്ള ഉത്തരവുമായാണ് അമേരിക്കയുടെ ദൂതന്‍ ഉത്തര കൊറിയയിലേക്ക് പോയതെന്ന് ബന്ധപ്പെട്ട രണ്ടു പേരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ ബില്‍ യു.എസ് ട്രഷറയിലേക്ക് അയച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വിദ്യാര്‍ഥി സംഘത്തോടൊപ്പം ഉത്തര കൊറിയന്‍ തലസ്ഥാനത്തെ ഹോട്ടലിലെത്തിയ വാംബിയര്‍ പബ്ലിസിറ്റി സൈന്‍ മോഷ്ടിച്ചതിനെ തുടര്‍ന്നാണ് പിടിയിലായത്. 15 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചിരുന്നത്. 17 മാസം പൂര്‍ത്തിയായ ശേഷം സ്വദേശമായ ഓഹിയോവില്‍ തിരിച്ചെത്തിയ വാംബിയര്‍ പിന്നീട് മരിച്ചു.

 

Latest News