Sorry, you need to enable JavaScript to visit this website.

കുമ്മനത്തിനും വോട്ടിംഗ്  മെഷീനെ കുറിച്ച് പരാതി  

തിരുവനന്തപുരം-വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോവളത്തെ ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി ആരോപണമുയര്‍ന്നിരുന്നു. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്. 
വോട്ടിംഗ് മെഷീന്‍ തകരാറ് റിപ്പോര്‍ട്ടു ചെയ്തതേറെയും ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ ഉയര്‍ന്ന പരാതികളില്‍ ഏറെയും ഏത് ചിഹ്നത്തില്‍ കുത്തിയാലും ബി.ജെ.പിക്കു വോട്ടുവീഴുന്നുമെന്നതായിരുന്നു.
ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇത്തരമൊരു തകരാറ് ആസൂത്രിതമാണോയെന്ന സംശയവും ബലപ്പെട്ടു വരികയാണ്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂര്‍ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.
'യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, എന്ത് തകരാര്‍ വന്നാലും എപ്പോഴും താമരമാത്രം തെളിയുന്നത് എങ്ങനെയാണ്' എന്നാണ് ശശി തരൂര്‍ ചോദിച്ചത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News