Sorry, you need to enable JavaScript to visit this website.

അത് വ്യാജവാര്‍ത്ത; ജിദ്ദയില്‍ പട്ടി മാംസം പിടിച്ചിട്ടില്ലെന്ന് നഗരസഭ

ജിദ്ദ - നഗരത്തിലെ പ്രശസ്ത റെസ്റ്റോറന്റുകളില്‍ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച പട്ടിയിറച്ചിയും കഴുതയിറച്ചിയും പിടിച്ചെടുത്തതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.
പട്ടിയിറച്ചി, കഴുതയിറച്ചി ശേഖരത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍  ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. ഇത്തരം കിംവദന്തികള്‍ എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ടെന്നും നഗരസഭാ വക്താവ് പറഞ്ഞു.
പോലീസുമായും സിവില്‍ ഡിഫന്‍സുമായും സഹകരിച്ച് ജിദ്ദ നഗരസഭ പിടിച്ചെടുത്ത പട്ടിയിറച്ചിയും കഴുതയിറച്ചിയുമാണെന്ന വ്യാജേനെയാണ് ചിലര്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത്. ജിദ്ദയിലെ പ്രശസ്തമായ റെസ്റ്റോറന്റുകളിലും ബൂഫിയകളിലും വിതരണം ചെയ്യുന്നതിന് തയാറാക്കി സൂക്ഷിച്ചതാണ് ഇവയെന്നും അവകാശപ്പെട്ടു.

അതേസമയം, ഉറവിടമറിയാത്ത 4000 പാക്കറ്റ്  കോഴിയിറച്ചി കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി ജിദ്ദ നഗരസഭ അറിയിച്ചു. അല്‍ഹംദാനിയ ഡിസ്ട്രിക്ടിലെ വ്യാപാര സ്ഥാപനത്തില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് തൊട്ടടുത്ത ദിവസത്തെ ഉല്‍പാദന തീയതി രേഖപ്പെടുത്തിയ കോഴിയിറച്ചി ശേഖരം നഗരസഭാധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ലോറി കസ്റ്റഡിയിലെടുത്ത നഗരസഭാധികൃതര്‍ വ്യാപാര സ്ഥാപനം അടപ്പിക്കുകയും ചെയ്തു.

 

 

 

Latest News