'ചൗക്കിദാര്‍ ചോര്‍ ഹെ'; അമേഠിയില്‍ ആഞ്ഞടിച്ച് രാഹുല്‍- Video

അമേഠി-തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉത്തര്‍ പ്രദേശിലെ തന്റെ സ്വന്തം മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ അഴിമതിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കള്ളപ്രചാരണങ്ങളും തുറന്നു കാട്ടി ആഞ്ഞടിച്ചു. റഫാല്‍ അഴിമതിയില്‍ മോഡിക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവായി പുറത്തു വന്ന സര്‍ക്കാര്‍ രേഖകളും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകളും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ തഴഞ്ഞതും എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതി പറയാത്തതു കോടതിയുടെ പേരില്‍ പറഞ്ഞെന്ന പരാതിയില്‍ സുപ്രീം കോടതിയില്‍ ഖേദമറിയിച്ച ദിവസം തന്നെ അമേഠിയില്‍ റഫാലില്‍ അരോപണ വിധേയനായ പ്രധാനമന്ത്രി മോഡിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത് ശ്രദ്ധേയമായി. നോട്ടു നിരോധനം, യുവാക്കള്‍ക്ക് തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലൂന്നിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും രാഹുല്‍ ആവര്‍ത്തിച്ചു.

നേരത്തെ അച്ഛെ ദിന്‍ എന്നു മുദ്രാവാക്യം വിളിക്കുമ്പോല്‍ ആ ദിനം വരുമെന്നായിരുന്നു ജനങ്ങള്‍ ഏറ്റു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുദ്രാവാക്യം മാറിയിരിക്കുന്നു. ഇപ്പോള്‍ ചൗക്കിദാര്‍ ചോര്‍ ഹെ എന്നാണ് മുദ്രാവാക്യം. രാഹുല്‍ പറഞ്ഞു. 'ചൗക്കിദാര്‍' എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ 'ചോര്‍ ഹെ'  എന്ന ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു. ഇതു കണ്ട് ചിരിച്ച മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞത് വലിയ കയ്യടി നേടുകയും ചെയ്തു. 'പത്രക്കാര്‍ അവരുടെ മനസ്സിലുള്ളത് പറഞ്ഞാല്‍ അടി കിട്ടും. നരേന്ദ്ര മോഡിയുടെ അടി കിട്ടും. ദിവസം മുഴുവന്‍ ഇവര്‍ക്ക് നരേന്ദ്ര മോഡിയുടെ മന്‍ കി ബാത്ത് ക്യാമറയില്‍ പിടിക്കാനുള്ളതാണ്. അതു കൊണ്ടാണ് അവര്‍ക്ക് ചിരി വരുന്നത്. നിങ്ങള്‍ പേടിക്കേണ്ട. 2019 തെരഞ്ഞെടുപ്പിനു ശേഷം നിങ്ങള്‍ക്ക് എന്തും എഴുതാം. ഞങ്ങളുടെ പ്രശ്‌നങ്ങളും എഴുതിക്കോളൂ, ഒരു പ്രശ്‌നവുമുണ്ടാകില്ല. ഞങ്ങള്‍ സത്യത്തിനു വേണ്ടിയാണ് പൊരുതുന്നത്'- രാഹുല്‍ പറഞ്ഞു.

Latest News