Sorry, you need to enable JavaScript to visit this website.

ഇരട്ടപ്പാളത്തിനിടയില്‍ കുടുങ്ങി മരിച്ച ഉമ്മക്കും മകനും കണ്ണീരോടെ വിട

കാസര്‍കോട്- മൊഗ്രാല്‍ നാങ്കിയില്‍ ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ശനിയാഴ്ച രാത്രി എട്ടര മണിയോടെ മൊഗ്രാല്‍ നാങ്കി സ്രാമ്പി പള്ളിയുടെ സമീപത്തായിരുന്നു അപകടം. നാങ്കിയിലെ അലിയുടെ ഭാര്യ സുഹൈറ (28), മകന്‍ സഹബാദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ബന്ധുവീട്ടില്‍ നിന്ന് നാങ്കിയിലെ സ്വവസതിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഇരട്ടപ്പാതകള്‍ക്കിടയില്‍ കുടുങ്ങിയാണ് ഇരുവരും മരണപ്പെട്ടത്. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഇരുഭാഗത്തു നിന്നും തീവണ്ടികള്‍ വന്നതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. അപകട സ്ഥലത്ത് രണ്ടു റെയില്‍വേ ട്രാക്കുകള്‍ക്കുമിടയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. സഹബാദ് പൊടുന്നനെ ഓടിയപ്പോള്‍ തീവണ്ടി തട്ടുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുഹൈറയും അപകടത്തില്‍ പെട്ടത്.
സുഹൈറ മൈമൂന്‍ നഗറിലെ അബ്ബാസ്-സുബൈദ ദമ്പതികളുടെ മകളാണ്. സഹബാദ് നാങ്കി അംഗനവാടിയിലെ വിദ്യാര്‍ഥിയാണ്.
ഇരട്ടപ്പാത വന്ന ശേഷം പ്രദേശത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായത്. അഞ്ച് ജീവനുകളാണ് ഇതിനകം തീവണ്ടികള്‍ക്കടിയില്‍ പൊലിഞ്ഞത്. ഇരുവരുടയും മയ്യിത്ത് ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
   

 

Latest News