യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി,  14 പേര്‍ക്ക് പരിക്കേറ്റു

കാണ്‍പൂര്‍- ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി. 14 പേര്‍ക്ക് പരിക്ക്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരം. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഹൗറന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളില്‍ നാലെണ്ണം കീഴ്‌മേല്‍ മറിഞ്ഞ നിലയിലാണ്. 
ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ പ്രയാഗ്‌രാജ് സ്‌റ്റേഷന്‍ വിട്ട ശേഷമാണ് അപകടമുണ്ടായത്. സംഭവത്തോടെ ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധ്യമാകൂ. വൈകിട്ട് 4 മണിയോടെ മാത്രമേ ഈ റെയില്‍പ്പാതയിലൂടെ പൂര്‍ണ ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയില്‍വേ പിആര്‍ഒ അറിയിച്ചു.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തപ്രതികരണസേനയുടെ 45 അംഗസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റു യാത്രക്കാര്‍ക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Latest News