വയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ കലാശക്കൊട്ട്

കല്‍പ്പറ്റ- തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനു തൊട്ടുമുമ്പായി വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അവസാന ഘട്ട പ്രചാരണത്തിന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ 10-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ മാനന്തവാടിയില്‍ എത്തും. ഇവിടെ 10.30നാണ് പൊതുസമ്മേളനം. 11.45ന് പുല്‍പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുക്കും. പുല്‍വാമ ഭീകരാക്രമണ കേസില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.പി വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ കുടുംബാംഗങ്ങളെ കാണാനും പ്രിയ എത്തും. 

ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് വയനാട് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിമ്പൂരിലും പ്രിയങ്ക തെരഞ്ഞെടുപ്പു റാലിക്കെത്തും. പിതാവ് രാജീവ് ഗാന്ധി 1987ല്‍ പ്രസംഗിച്ച നിലമ്പൂര്‍ കോടതിപ്പടി മൈതാനത്ത് 2.30-നാണ് പ്രിയങ്കയും പ്രസംഗിക്കുക. പ്രധാനമന്ത്രിയായിരിക്കെയാണ് അന്ന് രാജീവ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇവിടെ എത്തിയിരുന്നത്. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പു പൊതുസമ്മേളനത്തിലും 3.40-ന് പ്രിയങ്ക പങ്കെടുക്കും.

Latest News