-പണവും ഫോണും സ്വർണാഭരണങ്ങളും കവർന്നു
കാസർകോട്- പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിന് പിന്നിൽ പ്രായപൂർത്തിയാവാത്ത പയ്യനും സംഘവുമെന്ന് സൂചന. കവർച്ചാ കേസിൽ പോലീസ് അന്വേഷണം വഴിത്തിരിവിലാണ്. കവർച്ച നടന്ന ദിവസം ഉളിയത്തടുക്ക ജി.കെ നഗറിൽ അപകടത്തിൽപെട്ട കെ.എൽ 60 രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കൾ സഞ്ചരിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചു. ഈ കാറിൽ നിന്നും കവർച്ച നടന്ന വീട്ടിലെ മൊബൈൽ ഫോൺ കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. പരപ്പ സ്വദേശിനിയായ റുഖിയ താമസിക്കുന്ന അടുക്കത്ത്ബയൽ ഗുഡ്ഡെ ടെമ്പിൾ സെക്കൻഡ് ക്രോസ് റോഡിലെ പ്രഭാത് ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ക്വാർട്ടേഴ്സിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും മൊബൈലും കവർച്ച ചെയ്തത്. റുഖിയ രാവിലെ 6.30 മണിയോടെ സമീപത്തെ ക്വാർട്ടേഴ്സ് ഉടമയുടെ വീട്ടിൽ ജോലിക്കു പോയതായിരുന്നു. മകൾ ഫാജിസ പത്തു മണിയോടെ തയ്യൽ പരിശീലനത്തിന് ക്വാർട്ടേഴ്സിന്റെ വാതിൽ പൂട്ടി പോയി. വൈകിട്ട് മൂന്നരയോടെ റുഖിയ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. സമീപത്തെ സി.സി.ടി.വിയിൽ നിന്നും മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. പ്രതി കോണിയിറങ്ങി വരുന്ന ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഉളിയത്തടുക്കയിൽ ഒരു അജ്ഞാത കാർ അപകടത്തിൽ പെട്ടതായുള്ള വിവരം പോലീസിന് ലഭിച്ചത്. പരിശോധിച്ചപ്പോഴാണ് മൊബൈൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മോഷ്ടാക്കൾ ഈ കാറിലാകാം വന്നതെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. കാർ ഉടമയെ കണ്ടെത്തിയ പോലീസ് ഇയാളെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഒരു അധ്യാപകനാണ് പോലീസിന് രഹസ്യ വിവരം നൽകിയത്. വൈകാതെ തന്നെ പ്രതി കുടുങ്ങുമെന്നാണ് പോലീസ് നൽകുന്ന സൂചന. കാസർകോട് എസ്.ഐ ഷാജി പട്ടേരി, ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ സലാം എന്നിവരാണ് അന്വേഷണം നടത്തുന്നത്.