ജിദ്ദ - റെഡ്‌സീ മാളിൽ ജവാസാത്ത് ശാഖ മക്ക പ്രവിശ്യ ജവാസാത്ത് മേധാവി ബ്രിഗേഡിയർ ആബിദ് അൽഹാരിസി ഉദ്ഘാടനം ചെയ്തു. പുതിയ സൗദി പാസ്‌പോർട്ട് അനുവദിക്കൽ, പാസ്‌പോർട്ട് പുതുക്കൽ, വ്യക്തികളായ വിദേശികൾക്കും ആശ്രിതർക്കുമുള്ള മുഴുവൻ ജവാസാത്ത് സേവനങ്ങളും പുതിയ ശാഖയിൽ ലഭിക്കും. കമ്പനികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ ശാഖയിൽനിന്ന് സേവനങ്ങൾ ലഭിക്കില്ല.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം വിഭാഗങ്ങൾ റെഡ്‌സീ മാൾ ജവാസാത്ത് ശാഖയിലുണ്ട്. കൂടാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രേഖകൾ തപാൽ വിലാസത്തിൽ ഉടമകൾക്ക് നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സൗദി പോസ്റ്റ് ഓഫീസും പുതിയ ജവാസാത്ത് ശാഖയിലുണ്ട്. ജിദ്ദയിൽ ഇതുവരെ അൽരിഹാബ് ഡിസ്ട്രിക്ടിലെ ജവാസാത്ത് ആസ്ഥാനത്ത് മാത്രമാണ് പുതിയ സൗദി പാസ്‌പോർട്ട് അനുവദിക്കുകയും പാസ്‌പോർട്ട് പുതുക്കുകയും ചെയ്യുന്ന സേവനങ്ങൾ നൽകിയിരുന്നതെന്ന് ബ്രിഗേഡിയർ ആബിദ് അൽഹാരിസി പറഞ്ഞു.