ജെറ്റ് എയര്‍വേയ്‌സ്: ടിക്കറ്റ് തുക മടക്കി കിട്ടാന്‍ വൈകും; പ്രവാസികള്‍ ആശങ്കയില്‍

വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ മുംബൈ എയര്‍പോര്‍ട്ടിലെ ജെറ്റ് കൗണ്ടറില്‍.
പൈലറ്റുമാരും ജീവനക്കാരും മുംബൈയില്‍ ജെറ്റ് എയര്‍വേയ്‌സ് ആസ്ഥാനത്ത്.

മനാമ/ മുംബൈ- ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ ആശങ്കയില്‍. ജെറ്റ് എയര്‍വേയ്‌സില്‍നിന്ന് ലഭിച്ചാല്‍ മാത്രമേ തുക മടക്കി നല്‍കാനാകൂയെന്ന് ഇന്ത്യയിലേയും ഗള്‍ഫിലേയും പ്രശസ്ത ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ധാരാളം റീഫണ്ട് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും ജെറ്റ് എയര്‍വേയ്‌സ് കമ്പനിയില്‍നിന്ന് കിട്ടുന്ന മുറയ്ക്ക് മാത്രമേ തുക നല്‍കാനാകൂയെന്നാണ് പ്രശസ്ത ട്രാവല്‍ ഏജന്‍സി തങ്ങളുടെ ബ്രാഞ്ചകളേയും മറ്റു ട്രാവല്‍ ഏജന്റുമാരേയും അറയിച്ചിരിക്കുന്നത്. മറ്റു ഇടപാടുകളുടെ തുകയില്‍നിന്ന് റീഫണ്ട് തുക എടുക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചതിനാല്‍ ജെറ്റ് എയര്‍വേസില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ യാത്ര മുടങ്ങിയവര്‍ കാത്തുനില്‍ക്കേണ്ടിവരും.
ബഹ്‌റൈനില്‍ നിന്ന്  ഇന്ത്യയിലേക്ക് മേയ് നാലുവരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പിഴ കൂടാതെ പണം മടക്കി നല്‍കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ജെറ്റ് എയര്‍വേയ്‌സ് ബഹ്‌റൈന്‍ അധികൃതരാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ നിര്‍ദേശം  നല്‍കിയിരിക്കുന്നത്. എന്നാല്‍ മേയ് നാലു മുതലുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത നൂറുകണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ബഹ്‌റൈനിലെ സ്‌കൂള്‍ അവധിക്കാലം. മാസങ്ങള്‍ക്ക് മുമ്പെ നിരവധി പേര്‍ ജെറ്റ് എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
പിഴ ഈടാക്കാതെ പണം തിരകെ നല്‍കാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ മേയ് നാലിനുശേഷം ബുക്ക് ചെയ്തവര്‍ ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ വലിയ തുക നഷ്ടമാകും.  മറ്റു വിമാന കമ്പനികളില്‍ ടിക്കറ്റ് എടുക്കാമെന്നു വെച്ചാല്‍  എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് കൂടിയിരിക്കയാണ്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും കൂടുമെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.
അതിനിടെ, ശമ്പള കുടിശ്ശികയുടെ വിവരങ്ങളറിയാന്‍ ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരും ജീവനക്കാരും മുംബൈയിലെ ജെറ്റ് ആസ്ഥാനത്തെത്തി. മറ്റു ഇന്ത്യന്‍ കമ്പനികളെ അപേക്ഷിച്ച് വലിയ ശമ്പളം വാങ്ങിയിരുന്നവരാണ് ജെറ്റിലെ പൈലറ്റുമാര്‍.

 

Latest News