പ്രസംഗങ്ങൾ ഏത് വിധത്തിൽ ജനമനസ്സുകളെ സ്വാധീനിക്കുന്നുവെന്നതിന് തെളിവുകൾ ആവശ്യമില്ല. പ്രസംഗം വഴി ആളുകളെ ഇളക്കിമറിച്ചവരും, ജനങ്ങളെ തങ്ങൾക്കൊപ്പം നിർത്തിയവരുമാണ് എല്ലാകാലത്തും സമൂഹങ്ങളുടെയും രാജ്യത്തിന്റെയും തലപ്പത്തെത്തുന്നത്. അങ്ങിനെയുള്ള നേതാക്കൾക്ക് തന്നെ പറ്റുന്ന നാക്കു പിഴകളും, ആവേശതള്ളിച്ചയിൽ പറഞ്ഞു പോകുന്ന അബദ്ധങ്ങളും വലിയ വലിയ വിനയായി മാറിയതും ചരിത്രം. തെരഞ്ഞെടുപ്പിന്റെ മഹായുദ്ധ മുഖത്താകുമ്പോൾ ഇത്തരം അബദ്ധങ്ങളുടെ വില അവരുടെ രാഷ്ട്രീയ ജീവിതത്തോളം തന്നെ വലുതായിപ്പോകുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന വലിയ സംവിധാനത്തിന്റെ കൺവീനർ എ. വിജയരാഘവന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വലിയൊരബദ്ധം സംഭവിച്ചിരുന്നു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസുമായി ബന്ധപ്പെടുത്തി പറഞ്ഞ കാര്യങ്ങളുടെ കേസും ബഹളവും ഇനിയും അടങ്ങിയിട്ടില്ല. സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കെ. സുധാകരനെതിരെ സ്വയം കേസെടുത്ത വനിതാ കമ്മീഷൻ എന്തേ തന്റെ കാര്യത്തിൽ ഇങ്ങിനെയെന്ന് രമ്യ ഇന്നലെ പത്രസമ്മേളനം വിളിച്ചു ചോദിക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. ഒടുവിൽ ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടേണ്ടി വന്നു- രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തിരിക്കയാണ്. വിജയരാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും പരാമർശത്തിലൂടെ അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലുമെല്ലാം ഇപ്പോഴും ദളിതത്വത്തിന്റെ ദയനീയത കൂടെ കൊണ്ടു നടക്കേണ്ടിവരുന്ന രമ്യയെപ്പോലുള്ളവരുടെ ചോദ്യങ്ങൾ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തും. ഈ വിജയരാഘവനെന്താ ഇങ്ങിനെ എന്ന് പണ്ട് മഞ്ഞളാംകുഴി അലി വിരുദ്ധ പ്രസംഗമൊക്കെ ഓർത്ത് വെച്ച് ചോദിക്കുന്നവരാണധികവും. ഒരുപാട് തലങ്ങളിൽ മലിനമായിരുന്നു രമ്യയുമായി ബന്ധപ്പെടുത്തി വിജയരാഘവൻ പറഞ്ഞ വാക്കുകൾ. ആ കേസാണിപ്പോൾ ഒരു പ്രത്യേക ഘട്ടത്തിലെത്തി നിൽക്കുന്നത്.
ഇപ്പോഴിതാ വല്ലാത്തൊരു പ്രതിസന്ധിയിൽ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയും പെട്ടിരിക്കുന്നു- കടുത്ത വർഗ്ഗീയ പ്രസംഗം നടത്തിയതിന്റെ പേരിലെ കേസ്. തെറ്റായ പാർട്ടികളിൽ ചെന്നുപെടുന്ന ശരിയായ മനുഷ്യർ എന്ന പ്രയോഗത്തിനർഹരായ നിരവധി പേർ വിവിധ ജന വിരുദ്ധ പാർട്ടികളിലുണ്ട്. അവരെ ഓരോരുത്തരെയും ഇപ്പോൾ പേരെടുത്തുപറയുന്നതിനർഥമില്ല. ശ്രീധരൻ പിള്ള അത്തരത്തിലൊരാളായിരുന്നുവെന്നാണ് കോഴിക്കോട്ടുള്ളവരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നത്. നൂറോളം പുസ്തകങ്ങളുടെ കർത്താവ്. കോഴിക്കോട്ടെ എല്ലാ നല്ല കാര്യങ്ങളുമായും സഹകരിക്കുന്ന വ്യക്തി. മുസ്ലിം സാംസ്കാരിക വേദികളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. മലബാറിലെ വാമൊഴി പ്രയോഗത്തിൽ പറഞ്ഞാൽ മത ന്യൂനപക്ഷ വിഭാഗങ്ങൾ 'നാഴി അരിയുടെ കൂടെ നാഴിയരി വെക്കുമ്പോൾ' അവിടുത്തെ ക്ഷണിതാവാകുന്ന പിള്ള. ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിള്ള നടത്തിയ വർഗീയ പ്രസംഗം ഇപ്പോൾ വലിയ കേസായിരിക്കയാണ്. ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം. 'ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്...... എന്ന് തുടങ്ങുന്ന ഭാഗത്തിന്റെ അവസാനമാണ് ശ്രീധരൻ പിള്ള വിവാദഭാഗങ്ങൾ പറഞ്ഞത്. താൻ മുസ്ലിംകളെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും, ഭീകരവാദികളെയാണ് ഉദ്ദേശിച്ചതെന്നും പിള്ള വിശദീകരണം നൽകുന്നുണ്ടെങ്കിലും വാക്കുണ്ടാക്കിയ പരിക്കിൽനിന്ന് പിള്ളക്ക് വേഗത്തിലൊന്നും രക്ഷപ്പെടാനാകില്ല. ഏപ്രിൽ 14 നായിരുന്നു പ്രസംഗം. ഇത്തരം രാഷ്ട്രീയ സാധ്യതകളിൽ അൽപ്പം പോലും സമയം കളയാത്തവരാണ് സി.പി.എമ്മുകാർ. സി.പി.എം നേതാവ് വി. ശിവൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി വരാൻ പോകുന്നത്. പിള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് നടപടി വേണമെന്ന് ശുപാർശയുള്ളത്. പിള്ളയുടെ പ്രസംഗം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ശരിയാംവണ്ണം കണ്ടെത്തിക്കഴിഞ്ഞു. ആറ്റിങ്ങൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കേരള സാഹചര്യത്തിൽ ശ്രീധരൻ പിള്ളക്കോ, പിള്ളയുടെ പാർട്ടിക്കോ ഇത്തരം നിലപാടുകൾ കൊണ്ട് നയാപൈസയുടെ ഗുണമുണ്ടാകുമെന്ന് വിശ്വസിക്കാൻ രാഷ്ട്രീയ മന്ദബുദ്ധികൾക്കെ കഴിയു. പിള്ളയെപ്പോലുള്ളവർ സമൂഹത്തിൽ അവർക്കുണ്ടായിരുന്ന നിലയും വിലയും കളയുന്നുവെന്നല്ലാതെ ഇത്തരം മലിന വാക്കുകൾ ഒരു ഗുണവും അവർക്ക് നൽകില്ല. ആകെ മുങ്ങിയാൽ പിന്നെന്ത് ശീതം എന്നായിരിക്കാം പിള്ളയെപ്പോലുള്ളവരുടെ ഇപ്പോഴത്തെ തോന്നൽ. എന്നാലും നാളെയും മുഖാമുഖം കാണേണ്ടവരല്ലെ എന്ന മിനിമം ചിന്തയെങ്കിലും....
സദസിൽ ധാരാളം മനുഷ്യരെക്കാണുമ്പോൾ ഇപ്രകാരം നാക്കിന്റെ നിയന്ത്രണം വിടുന്നവർ അവർക്കും സമൂഹത്തിനും ഒരു ഗുണവും കൊണ്ടു വന്നു തരുന്നില്ല.
പ്രസംഗകലയിലെ തലയെടുപ്പായ ഡോ. സുകുമാർ അഴീക്കോട് പ്രസംഗത്തെപ്പറ്റി ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇങ്ങിനെ ''ഉള്ളിൽ ഉള്ളതെല്ലാം ചോരക്കുരുതിയായി ആവശ്യപ്പെടുന്ന ഒരു ഏകോപന കലയാണ് പ്രഭാഷണം. അതിന്റെ വെള്ളച്ചാട്ടത്തിൽ പഠിച്ചതും, പഠിക്കാത്തതും മറന്നതും ഓർക്കുന്നതുമെല്ലാം ഒഴുകിപ്പോകുന്നു. പക്ഷെ ആ വെള്ളച്ചാട്ടത്തിന് ഒരു ആത്മനിന്ത്രണമുണ്ട്. അതാണ് ആ ചാട്ടത്തെ കലയാക്കുന്നത്.'' വിജയരാഘവന്മാർക്കും ശ്രീധരൻ പിള്ളമാർക്കും സംഭവിക്കുന്നത് മുന്നിൽ കണ്ട് പറഞ്ഞതുപോലുള്ള വാക്കുകൾ.