മക്കളും പേരമക്കളുമായി രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത് പുതുമയല്ല. എന്നാൽ മക്കളും കുടുംബവുമില്ലാത്ത, സ്വന്തം പ്രയത്നത്തിലൂടെ രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്ന രണ്ട് വനിതാ നേതാക്കളുടെ പിൻഗാമികൾ ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
മമതയുടെ മുപ്പത്തൊന്നുകാരനായ അനന്തരവൻ അഭിഷേക് ബാനർജി ഇപ്പോൾ ലോക്സഭാംഗമാണ്. മായാവതിയുടെ ഇരുപത്തിനാലുകാരനായ അനന്തരവൻ ആകാശ് ആനന്ദ് പടികയറി വരുന്നതേയുള്ളൂ.
ലണ്ടനിൽ നിന്ന് മാനേജ്മെന്റിൽ ബിരുദമെടുത്ത ശേഷമാണ് ആകാശ് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കുന്നത്. മായാവതിയുടെ സഹോദരൻ അനന്തകുമാറിന്റെ മകനാണ് ആകാശ്. കഴിഞ്ഞ ദിവസം ആഗ്രയിൽ മഹാസഖ്യത്തിന്റെ റാലിയിൽ മായാവതിക്കായി മാറ്റിവെച്ച കസേരയിൽ ആകാശാണ് ഇരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കു കാരണം മായാവതി വിട്ടുനിൽക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. വെള്ള കുർത്തയും ജീൻസുമണിഞ്ഞ ആകാശ് ആർ.എൽ.ഡി നേതാവ് അജിത് സിംഗ്, ബി.എസ്.പി ജനറൽ സെക്രട്ടറി സതീശ് മിശ്ര, എസ്.പി പ്രസിഡന്റ് അഖിലേഷ് യാദവ് എന്നിവർക്കൊപ്പം ആത്മവിശ്വാസത്തോടെ ഇരുന്നു.
ജനുവരിയിൽ സഖ്യ ചർച്ചക്കായി മായാവതിയും അഖിലേഷും കണ്ടുമുട്ടിയപ്പോൾ ആകാശ് ഒപ്പമുണ്ടായിരുന്നു. 2017 ലാണ് മായാവതിക്കൊപ്പം ആകാശ് ആദ്യമായി രംഗത്തു വരുന്നത്. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധനായി വന്ന ചെറുപ്പക്കാരനെന്ന നിലയിലാണ് ആകാശിനെ മായാവതി പാർട്ടി പ്രവർത്തകർക്കു പരിചയപ്പെടുത്തിയത്.
പാർട്ടി അണികളുമായി മായാവതി കൂടിക്കാഴ്ച നടത്തുമ്പോൾ പലപ്പോഴും ആകാശായിരുന്നു കുറിപ്പുകൾ തയാറാക്കിയിരുന്നത്. 2017 ൽ ആകാശിന്റെ പിതാവ് അനന്തകുമാർ ബി.എസ്.പി ദേശീയ വൈസ്പ്രസിഡന്റായി. 2017 ഒക്ടോബറിൽ ബി.എസ്.പി പ്രസ് റിലീസിൽ മായാവതിയുടെ പേരിനൊപ്പം ആകാശിന്റെയും അനന്ത്കുമാറിന്റെയും മാത്രം പേരുകൾ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പാർട്ടി അണികൾ ഇരുവരുടെയും പ്രാധാന്യം മനസ്സിലാക്കുന്നത്. ദലിത് യുവാക്കളെ സ്വാധീനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുൾപ്പെടെ നേതാക്കൾ സജീവമായി ശ്രമിക്കുമ്പോൾ ആകാശിന്റെ സാന്നിധ്യം മായാവതിക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
അഭിഷേക് ബാനർജി ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ എം.പിയും തൃണമൂൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനുമാണ്. ഈയിടെ വിദേശത്തു നിന്ന് വന്ന അഭിഷേകിന്റെ ഭാര്യ ബാഗേജ് ചെക്ക് ചെയ്യാൻ കസ്റ്റംസ് അധികൃതരെ അനുവദിക്കാതിരുന്നപ്പോഴാണ് അഭിഷേക് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഭിഷേകിനോട് വലിയ ഇഷ്ടമാണ് മമതക്ക്. മമത ദേശീയ രാഷ്ട്രീയത്തിലേക്ക് പോകേണ്ടിവരുന്ന ഘട്ടത്തിൽ ബംഗാളിലെ തൃണമൂൽ നേതൃത്വം അഭിഷേകിന്റെ കൈയിലായിരിക്കുമെന്ന് വിശ്വസിക്കുന്നവരേറെയാണ്.
സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ അഭിഷേക് ബിസിനസുകാരനായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇവന്റ് മാനേജ്മെന്റ് ബിസിനസ് ആരംഭിച്ചു. പിന്നീട് ദൽഹിയിൽ എം.ബി.എ പൂർത്തിയാക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സ്വന്തം കൺസൾടൻസി സ്ഥാപനം തുടങ്ങാനായി ഈ ജോലി ഉപേക്ഷിച്ചു. 2011 ൽ അഭിഷേകിന്റെ രാഷ്ട്രീയ രംഗപ്രവേശത്തിനായി മാത്രം മമത തൃണമൂൽ യുവ എന്നൊരു സംഘടനയുണ്ടാക്കി. അഭിഷേകായിരുന്നു യുവയുടെ അഖിലേന്ത്യാ പ്രസിഡന്റ്. തൃണമൂൽ യൂത്ത് കോൺഗ്രസ് നിലവിലിരിക്കെയായിരുന്നു ഇത്. 2015 ൽ അഭിഷേക് തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി. വൈകാതെ യുവ പിരിച്ചുവിട്ടു.
2014 ൽ ഡയമണ്ട് ഹാർബർ സീറ്റിൽ അഭിഷേകിനെ മത്സരിപ്പിച്ചപ്പോൾ മമത എതിർപ്പ് നേരിട്ടു. എന്നാൽ കൊൽക്കത്ത സൗത്ത് പെലെ സുരക്ഷിത സീറ്റല്ല അഭിഷേകിന് നൽകിയതെന്നും പൊരുതി ജയിക്കേണ്ട സീറ്റാണെന്നും മമത വാദിച്ചു. തൃണമൂലിന്റെ ഐ.ടി സെല്ലിന്റെ നേതൃത്വം അഭിഷേകിനാണ്. ഈ ഇലക്ഷനിൽ തൃണമൂൽ ഐ.ടി സെല്ലിൽ നാൽപതിനായിരത്തിലേറെ പേർ പ്രവർത്തിക്കുന്നുണ്ട്. ബംഗാളിലെ 42 മണ്ഡലങ്ങളിലെയും ബൂത്ത് തലത്തിൽ വരെ ഐ.ടി. സെല്ലിന്റെ പ്രവർത്തനമുണ്ട്.