ജൂനിയര്‍ കുഞ്ചാക്കോയുടെ  വരവറിയിച്ച് കുഞ്ചാക്കോ ബോബന്‍ 

തലശ്ശേരി- 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്‍ വിശേഷം പങ്കുവച്ചിരിക്കുന്നത്. 
''അനുഗ്രഹമായി ആണ്‍കുഞ്ഞിനെ ലഭിച്ചു. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനയ്ക്കും നന്ദി. എല്ലാവര്‍ക്കും ജൂനിയര്‍ കുഞ്ചാക്കോയുടെ സ്‌നേഹം..'' ചിത്രത്തിനൊപ്പം താരം കുറിച്ചു.  ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് പോസ്റ്റിനു കമന്റിടുന്നത്. 2005 ഏപ്രില്‍ രണ്ടിനാണ് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. കഴിഞ്ഞ ആഴ്ച പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ച താരം ഈ വിവാഹ വാര്‍ഷികം ഏറെ സ്‌പെഷ്യലാണെന്ന് കുറിച്ചിരുന്നു. 

Latest News