ദുബായ് രാജകുമാരന്‍ ചമഞ്ഞ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു; വനിതാ ഡോക്ടര്‍ക്ക് അഞ്ച് ലക്ഷം പോയി

ചെന്നൈ- ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണെന്ന് പറഞ്ഞ് ഇന്ത്യക്കാരിയായ വനിതാ ഡോക്ടറില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയതായി കേസ്. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം എന്ന പേരിലുള്ള വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വ്യാജന്‍ ബന്ധം സ്ഥാപിച്ചതെന്ന് ചെന്നൈ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിന്റെ വിവരങ്ങള്‍ സ്ത്രീ പോലീസിനെ കാണിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്ത് സൈക്കോളജിസ്റ്റായ സ്ത്രീയെ കബളിപ്പിച്ചുവെന്നാണ് പോലീസിന്റെ നിഗമനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

ചെന്നൈ സ്വദേശിനിയായ ഇവര്‍ ഏതാനും വര്‍ഷം ദുബായില്‍ താമസിച്ചിരുന്നു. ദുബായിലായതിനാല്‍ യു.എ.ഇ ഭരണാധികാരികളുടേയും കിരീടാവകാശികളുടേയും ട്വിറ്റര്‍, ഇന്‍സ്റ്റഗ്രം അക്കൗണ്ടുകള്‍ ഫോളോ ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ദുബായ് കിരീടാവകാശിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് പ്രൈവറ്റ് മെസേജ് ലഭിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കിരീടാവകാശിയുടെ പാലസില്‍ സൈക്കോളജിസ്റ്റായി ജോലി വാഗ്ദാനം ചെയ്യുകയും കൊട്ടാരത്തിലേക്ക് ഉച്ചവിരുന്നിന് ക്ഷണിക്കുകയും ചെയ്തു.

പാലസിലേക്ക് പ്രവേശിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കി എന്‍ട്രി കാര്‍ഡ് സ്വന്തമാക്കണമെന്നും കിരീടാവകാശി ചമഞ്ഞയാള്‍ ആവശ്യപ്പെട്ടു. വെസ്റ്റേണ്‍ യൂനിയന്‍ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഇതിനുശേഷം ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് മെസേജുകളൊന്നുമില്ലെന്ന് കേസ് കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുബായിലെത്തി പാലസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം സ്ത്രീക്ക് മനസ്സിലായത്. ഇതേ സന്ദേശവുമായി പലരും എത്തിയതായി സെക്യൂരിറ്റിക്കാര്‍ സ്ത്രിയോട് പറഞ്ഞു. ദുബായ് പോലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ പിന്നീട് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസി ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കി. വെരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലുമായി നടത്തിയ ചാറ്റിന്റെ തെളിവുകളും സമര്‍പ്പിച്ചു.

ആദ്യം സൈബര്‍ ക്രൈം വിംഗ് പരിഗണിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിലെ ജോബ് റാക്കറ്റ് വിംഗാണ് പരിഗണിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോഴും ആക്ടീവായതിനാല്‍ ഡയരക്ട് മെസേജ് സംവിധാനം മാത്രമാണോ ഹാക്ക് ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.

തന്റെ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ വേറെ ചിലര്‍ക്കും സമാന അനുഭവം നേരിട്ടതായി അറിയിച്ചുവെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു. ട്വിറ്ററില്‍നിന്ന് വിശദീകരണം തേടയതായും ചെന്നൈ പോലീസ് പറഞ്ഞു.
 

 

 

 

Latest News