റിയാദ്- ലോകത്ത് നിക്ഷേപങ്ങൾ നടത്തുന്നതിന് വിദേശ നിക്ഷേപകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. വിദേശ നിക്ഷേപകർ ഏറ്റവുമധികം മുൻഗണന നൽകുന്ന രാജ്യങ്ങളുടെ ഈ വർഷത്തെ പട്ടിക അമേരിക്കയിലെ യു.എസ് ന്യൂസ് ആണ് പുറത്തുവിട്ടത്. ഏഴായിരത്തിലേറെ നിക്ഷേപകരെയും സാമ്പത്തിക വിദഗ്ധരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ സർവേയിലാണ് നിക്ഷേപങ്ങൾ നടത്തുന്നതിന് ഏറ്റവും മികച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയത്.
68,380 കോടി ഡോളർ മൊത്തം ആഭ്യന്തരോൽപാദനത്തോടെ ശക്തമായ സമ്പദ്‌വ്യവസ്ഥയും ഭൂമിശാസ്ത്രപരമായി മികച്ച സ്ഥാനവും മറ്റു അനുകൂല ഘടകങ്ങളും സൗദി അറേബ്യക്ക് മുൻഗണന നൽകുന്നതിന് നിക്ഷേപകർക്ക് പ്രേരകമായി.
അഴിമതി, വഴക്കം, സാമ്പത്തിക ഭദ്രത, സംരംഭകത്വം, നികുതി, നൈപുണ്യമുള്ള തൊഴിലാളികൾ, സാങ്കേതികവിദ്യാ പരിചയസമ്പത്ത്, ഇന്നൊവേഷൻ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യങ്ങളിലെയും നിക്ഷേപാനുകൂല സാഹചര്യം സർവേയിൽ വിലയിരുത്തിയത്. നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി സാമ്പത്തിക പരിഷ്‌കരണങ്ങൾ സമീപ കാലത്ത് സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ട്. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനുള്ള ലൈസൻസിനുള്ള 60 ശതമാനം വ്യവസ്ഥകളും റദ്ദാക്കിയിട്ടുണ്ടെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ ഇബ്രാഹിം അൽസുവൈൽ വെളിപ്പെടുത്തി. ജി-20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം പരിഷ്‌കാരങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് സൗദി അറേബ്യ. ഏതാനും മേഖലകളിൽ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസം, ആരോഗ്യം, ലോജിസ്റ്റിക് സേവനം എന്നീ മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം രാജ്യത്തെത്തിയ വിദേശ നിക്ഷേപത്തിൽ 127 ശതമാനം വളർച്ചയുണ്ടായി. നിക്ഷേപങ്ങൾ നടത്തുന്നതിന് വിദേശ നിക്ഷേപകർ മുൻഗണന നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉറൂഗ്വെ ആണ്. കോസ്റ്റാറിക്ക, ലക്‌സംബർഗ്, ഇന്ത്യ, പോളണ്ട്, ഖത്തർ, വിയറ്റ്‌നാം, സ്ലോവേനിയ, ചിലി, ന്യൂസിലാന്റ്, ലാത്വിയ, മലേഷ്യ, സിങ്കപ്പൂർ, ഡെന്മാർക്ക്, റഷ്യ, ലിത്വാനിയ, ഇന്തോനേഷ്യ, ഇറ്റലി, ബ്രസീൽ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നു മുതൽ ഇരുപതു വരെ സ്ഥാനങ്ങളിൽ.