റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കൊല റിപ്പോര്‍ട്ട്  ചെയ്ത ലേഖകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക്- പുലിറ്റ്‌സര്‍ പുരസ്‌കാരം നേടി മ്യാ•റില്‍ തടവില്‍ കഴിയുന്ന റോയിട്ടേഴ്‌സ് ലേഖകര്‍. ഗ്രാമീണരും സൈന്യവും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊലപ്പെടുത്തിയ സംഭവത്തില്‍, റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട വാ ലോണ്‍, ക്യാവ് സോവൂ എന്നീ മാധ്യമ പ്രവര്‍ത്തകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഇരുവരും തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇവര്‍ കഴിഞ്ഞ 490 ദിവസങ്ങളായി ജയിലില്‍ കഴിയുകയാണ്.
കൂട്ടത്തോടെ ആളുകളെ സംസ്‌കരിച്ചിട്ടുള്ള കുഴിമാടം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് 'മ്യാ•റിലെ കൂട്ടക്കൊല' എന്ന റിപ്പോര്‍ട്ടിലേക്ക് വഴിതെളിച്ചത്. പത്ത്  പേരെ കെട്ടിയിട്ടിരിക്കുന്നതിന്റെയും ശേഷം ഇവരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഗ്രാമീണരില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ലേഖകരെ അറസ്റ്റ് ചെയ്യുകയും തടവിനു വിധിയ്ക്കുകയുമായിരുന്നു. തടവില്‍ക്കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകരായ സൈമണ്‍ ലെവിസ്, അന്റോണി സ്ലോഡ്‌കോവ്‌സ്‌കി എന്നിവരാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Latest News