ഇവിടേക്ക് വരൂ... അലീസയെ പഠിക്കാന്‍ വിളിച്ച് ഉന്നത സര്‍വകലാശാലകള്‍

ദുബായ്- അലീസ യഹ്‌യ ആകെ ആശയക്കുഴപ്പത്തിലാണ്. ദുബായ് കോളജ് വിദ്യാര്‍ഥിനിയായ പാക്കിസ്ഥാന്‍കാരിക്ക് കിട്ടിയിരിക്കുന്നത് അമേരിക്കയിലേയും ബ്രിട്ടനിലേയും 16 ഉന്നത സര്‍വകലാശാലകളില്‍നിന്നുള്ള ക്ഷണമാണ്. ഉന്നത പഠനത്തിന് ഇതിലേത് തെരഞ്ഞെടുക്കണമെന്ന വിഷമത്തിലാണ് അലീസ.
ജി.സി.എസ്.ഇ പരീക്ഷയില്‍ 13 എ സ്റ്റാറുകളാണ് അലീസക്ക് ലഭിച്ചത്. പബ്ലിക് പോളിസി, ലോ ആന്റ് പൊളിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഉന്നതപഠനത്തിനായി സര്‍വകലാശാലകളുടെ ക്ഷണം കണ്ട് അന്തം വിട്ടിരിക്കുകയാണ് അലീസ.
2017 ല്‍ ആഗോളതലത്തില്‍ രണ്ട് വിഷയങ്ങളില്‍ ടോപ്പറായിരുന്നു ഈ പെണ്‍കൊടി. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ആദരിക്കുകയും ചെയ്തു.
ഏതെങ്കിലും ഉന്നത സര്‍വകലാശാലയില്‍ പഠിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇത്രയും വലിയ വാഗ്ദാനങ്ങള്‍ പ്രതീക്ഷിച്ചില്ല- അലീസ പറഞ്ഞു.
ഏതു സര്‍വകലാശാല തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ അലീസക്ക് രണ്ടാഴ്ച സമയമുണ്ട്. യേല്‍, കൊളംബിയ, യുപെന്‍, ഡാര്‍ട്മൗത്ത്, കൊര്‍ണല്‍ (ഐവി ലീഗ് സ്കൂള്‍സ്), സ്റ്റാന്‍ഫോഡ്, ബെര്‍കിലി, ഡ്യൂക്, ജോണ്‍ ഹോപ്കിന്‍സ്, ബര്‍ണാഡ് കോളജ് ഓഫ് കൊളംബിയ, യു.സി.എല്‍.എ, കേംബ്രിഡ്ജ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സ്, കിംഗ്‌സ് കോളജ് തുടങ്ങിയവയാണ് അലീസയെ വിദ്യാര്‍ഥിയായി കിട്ടാന്‍ കൊതിക്കുന്ന സര്‍വകലാശാലകള്‍.

 

Latest News