അബുദാബി- ശുചീകരണത്തില്‍ വീഴ്ച വരുത്തിയ ഇന്ത്യന്‍ റെസ്റ്റോറന്റ് അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റി പൂട്ടിച്ചു.
മുസ്സഫയിലെ മിദിന്‍ റസ്റ്റോറന്റ് ആണ് അടച്ചത്. നിരവധി തവണ ശുചിത്വ മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാത്തതിനാലാണ് അടക്കാന്‍ ഉത്തരവ് നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.
പൊതുവായ ശുചിത്വവും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ സൂക്ഷ്മതയും കാണിച്ചില്ല. കീടങ്ങളെ അകറ്റുന്നതിലും പരാജയപ്പെട്ടു- അധികൃതര്‍ പറഞ്ഞു.
അധികൃതരുടെ സന്ദര്‍ശനവേളയില്‍ പ്രാണികളും ഈച്ചകളും നിറഞ്ഞ രീതിയിലായിരുന്നു റസ്റ്റോറന്റ്. ഈച്ചയാര്‍ക്കുന്ന രീതിയില്‍ തുറന്ന സ്ഥലത്താണ് പച്ചക്കറി സൂക്ഷിച്ചിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ അനുയോജ്യമായ താപനിലയിലല്ല സൂക്ഷിച്ചിരുന്നത്.
നാലു തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോട്ടല്‍ അധികൃതര്‍ വീഴ്ച വരുത്തുകയായിരുന്നെന്ന് അതോറിറ്റി വക്താവ് താമിര്‍ റഷീദ് അല്‍ ഖാസിമി പറഞ്ഞു.






