കൊൽക്കത്ത- ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആധിപത്യത്തിൽ കഴിയുകയെന്നതായിരുന്നു മിക്കപ്പോഴും ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം. അടിയന്തരാവസ്ഥകാലത്തും അതിന് മുമ്പും സിദ്ധാർത്ഥ് ശങ്കർ റേയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ആധിപത്യത്തിലായിരുന്നുവെങ്കിൽ പിന്നീട് അത് സി.പി.എമ്മിന്റെതായി. മൂന്ന് പതിറ്റാണ്ടിന് ശേഷം മമത ബാനർജിയുടെ സമ്പൂർണ ആധിപത്യത്തിലായി ബംഗാൾ.
തൃണമൂലിന്റെ ആധിപത്യം ബംഗാളിൽ വിചിത്രമായ രാഷ്ട്രീയ ധാരണകളിലേക്കാണ് വിവിധ പാർട്ടി അനുഭാവികളെ നയിക്കുന്നതെന്ന് ബംഗാളിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ മോഡിയെ നേരിടാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ സഖ്യത്തിന് ശ്രമിക്കുമ്പോൾ, ബംഗാളിൽ തൃണമൂലിനെ നേരിടാൻ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പുലർത്തുന്നവർ രഹസ്യമായും പരസ്യമായും ഒന്നിക്കുന്നുവെന്നതിന്റെ സൂചനകൾ കൂടിയാണ് പുറത്തുവരുന്നത്.
മമതയെ നേരിടാൻ വിചിത്രമായ രാഷ്ട്രീയ നീക്കുപോക്കുകളാണ് സ്ഥാനാർഥികൾ നടത്തുന്നത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ അഭിജിത്ത് മുഖർജിക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിട്ടുള്ളത്. ജംഗിപൂരിൽ തൃണമൂലിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുടെ സഹായം ഇദ്ദേഹം തേടിയതായാണ് ആരോപണം. മുഖ്യമന്ത്രി മമതാ ബാനർജി തന്നെ ഈ ആരോപണം ആവർത്തിക്കുകയും ചെയ്തു. കഴിഞ്ഞവർഷം പ്രണബ് മുഖർജി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതിന്റെ ഫലമാണ് ഈ ധാരണയെന്നാണ് മമതാ ബാനർജിയുടെ ആരോപണം. കോൺഗ്രസിന്റെ മറ്റ് സ്ഥാനാർഥികളും ഇത്തരത്തിൽ ബി.ജെ.പിയുടെ പിന്തുണ തേടുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. ബംഗാളിൽ രണ്ടാം സ്ഥാനത്തെത്താനാണ് ബി.ജെ.പിയുടെ ശ്രമം. ആ ഭീഷണി അറിഞ്ഞുകൊണ്ടാണ് മമതാ ബാനർജി ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ആക്രമിക്കുന്നത്. ബി.ജെ.പിയുടെ വളർച്ച തടയാൻ ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ പോലും മമത ബാനർജി കുറവു വരുത്തുന്നതായി നേരത്തെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പിയുടെ റാലിക്ക് അനുമതി നിഷേധിച്ച മമത ബാനർജി തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മിന് പരേഡ് ഗ്രൗണ്ടിൽ റാലി നടത്തുന്നതിന് തടസ്സങ്ങൾ ഉണ്ടാക്കാതിരുന്നത് ബി.ജെ.പിയുടെ വളർച്ച മുന്നിൽ കണ്ടാണെന്നും ചില മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം തൃണമുൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തോട് ശക്തമായ എതിർപ്പുള്ളവർ, അവരെ നേരിടാൻ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടുകൾ എടുക്കുന്നതായും സൂചനകളുണ്ട്. ബംഗാളിലെ പല ഇടങ്ങളിലും ഇടതുപക്ഷക്കാരായവർ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നത് ഒരു വസ്തുതയാണെന്ന് സി.പി.എമ്മിന്റെ മുൻ നേതാവും സാമ്പത്തിക വിദഗ്ധനുമായ പ്രസൻജിത് ബോസ് പറയുന്നു. മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇടതുപക്ഷം ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്ന് ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫസർ സമാന്തക് ദാസിന്റെ അഭിപ്രായം.