സൈനികരുടെ ജീവത്യാഗം മോഡി അടിച്ചെടുക്കുന്നു -രാഹുൽ

തിരുവനന്തപുരം/കൊല്ലം/പത്തനംതിട്ട- രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്  സൈനികർ ചെയ്ത ജീവത്യാഗത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡി അടിച്ചെടുക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. സൈനികരുടെ ധൈര്യവും സമർപ്പണവും രാഷ്ട്രീയ ചൂഷണത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഓരോ ദിവസവും സൈനിക വ്യൂഹത്തിലെ ജവാന്മാർ നാടിന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയാണ്. ഏത് നിമിഷവും തങ്ങളുടെ രക്തവും ജീവനും രാജ്യത്തിന് വേണ്ടി സമർപ്പിക്കാൻ സന്നദ്ധരാണ് ഓരോ സൈനികനും. ആ ത്യാഗത്തിന്റെയും ധീരതയുടെയും ക്രെഡിറ്റ് നൽകേണ്ടത് സൈനികർക്കാണ്, അവരുടെ കുടുംബങ്ങൾക്കാണ്. സൈനികരുടെ പേരിൽ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്നും രാഹുൽഗാന്ധി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനികരുടെ സേവനം രാഷ്ട്രീയവത്ക്കരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. അത് രാഷ്ട്രീയ വിഷയമല്ല. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ രണ്ട് ആശയധാരകൾ തമ്മിലുള്ള പോരാട്ടമാണ്. തങ്ങളുടെ ആശയങ്ങൾ ജനങ്ങളുടേ മേൽ അടിച്ചേൽപ്പിക്കുന്നവരും ജനങ്ങളുടെ ആശയങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലാണ് പോരാട്ടം. ജനങ്ങളുടെ ശബ്ദമാണ് വിജയിക്കേണ്ടത്. വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും സംസ്‌കാരവും ആശയങ്ങളും ചിന്തകളും അഭിപ്രായങ്ങളും തത്വശാസ്ത്രങ്ങളുമുള്ളവർ ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ആരുടെയും മേൽ ആശയസംഹിതകൾ കോൺഗ്രസ് അടിച്ചേൽപ്പിക്കില്ല. ആർ.എസ്.എസും ബി.ജെ.പിയുമാകട്ടെ, ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നില്ല. ഏതുവിധേനെയും അധികാരത്തിലെത്തണമെന്നത് മാത്രമാണ് അവരുടെ ആഗ്രഹം. അനിൽ അംബാനിമാരുടെ ഒരു ഇന്ത്യ, പാവപ്പെട്ടവരുടെ മറ്റൊരു ഇന്ത്യ എന്നതാണ് നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ പ്രത്യേകത. ഇതു മാറിയേ തീരൂ. 
കോൺഗ്രസ് വിമുക്ത ഭാരതം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ, കോൺഗ്രസിന്റെ ഒരു നേതാക്കളും ഇത്തരമൊരു വാക്ക് പറയില്ല. ഞങ്ങൾക്ക് ആരെയും നശിപ്പിക്കണം എന്നില്ല. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പോരാടി തോൽപ്പിക്കും. അത് സ്നേഹത്തോടെയും കരുണയോടെയുമായിരിക്കും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമല്ല കോൺഗ്രസിന്റേത്. കോപവും വിഭജനവും ഇന്ത്യയെ വേദനിപ്പിക്കും. സ്നേഹവും ഐക്യവുമാണ് ഭാരതത്തെ ശക്തിപ്പെടുത്തുന്നതെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. നല്ല ദിനങ്ങൾ വരുമെന്ന് കരുതിയാണ് പലരും പിന്തുണ നൽകി ബി.ജെ.പിയെ അധികാരത്തിലേറ്റിയത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ബി.ജെ.പി ഭാരതത്തെ ഇല്ലാതാക്കി. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ദാരിദ്ര്യത്തിനെതിരെ  മിന്നലാക്രമണം നടത്താനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രരായ 25 കോടി ജനങ്ങൾക്ക് പ്രതിവർഷം 72,000 രൂപ വെച്ച് അഞ്ചുവർഷം 3.60 ലക്ഷം രൂപ നൽകും. ചരക്കുസേവന നികുതി പുനഃക്രമീകരിക്കും. നോട്ടുനിരോധനത്തിലൂടെ തകർന്ന ഇന്ത്യയുടെ സമ്പദ്ഘടനയെ വീണ്ടെടുക്കുമെന്നും രാഹുൽ പറഞ്ഞു.
 
വയനാട്ടിലെ മത്സരം രാജ്യത്തിനുള്ള സന്ദേശം

കൊല്ലം- വയനാട്ടിലെ തന്റെ മൽസരം രാജ്യത്തിനുള്ള സന്ദേശമാണെന്ന് രാഹുൽ ഗാന്ധി. മാവേലിക്കര, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയുംനാൾ ഉത്തരേന്ത്യയിലാണ് മത്സരിച്ചത്. എന്നാൽ ദക്ഷിണേന്ത്യയിലും മത്സരിക്കുന്നത് രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണ്. അസഹിഷ്ണുതകൾ നിറയുന്ന വർത്തമാനകാലത്ത് കേരളം മാതൃകയാണ്. അമിത്ഷാ പറയുന്നത് പോലെയല്ല, ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനത. തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. 
ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും നരേന്ദ്ര മോഡി പാലിച്ചില്ലെങ്കിലും അനിൽ അംബാനിക്ക് നൽകിയ വാഗ്ദാനം പാലിച്ചിട്ടുണ്ട്. മോഡി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കൾക്ക് കോടികൾ നൽകിയെങ്കിൽ അതേ കോടികൾ ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകാൻ സാധിക്കുമെന്ന ആശയം ഞങ്ങൾക്കുണ്ട്. ഒരു വർഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ചെലവാക്കാവുന്ന തുകയാണ് അനിൽ അംബാനിക്ക് കൊടുത്തത്. 350,000 കോടി രൂപയാണ് രാജ്യത്തെ 15 അതിസമ്പന്നന്മാർക്കായി ചെലവഴിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'ന്യായ് പദ്ധതി' പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുകയെന്നും രാഹുൽ വ്യക്തമാക്കി.

വിശ്വാസം സംരക്ഷിക്കും

പത്തനംതിട്ട- എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പറഞ്ഞു.  കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. ആരുടേയും വിശാസത്തേയും ആചാരത്തേയും കോൺഗ്രസ് വേദനിപ്പിക്കില്ലെന്നും ശബരിമല വിഷയത്തെ പരോക്ഷമായി പരാമർശിച്ചു രാഹുൽ ഗാന്ധി പറഞ്ഞു.
 

Latest News