Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മിന്റെ മുഖമുദ്ര  കാപട്യം- നിർമലാ സീതാരാമൻ 

കണ്ണൂർ - സി.പി.എമ്മിന്റെ മുഖമുദ്ര കപടതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണാർഥമുള്ള വിജയ സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ. സി.പി.എം പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണ്. കേന്ദ്രത്തിൽ മതേതരത്വത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നു പറയുന്ന പാർട്ടി ഇവിടെ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ നടക്കുകയാണ്. ഇത് അവരുടെ കാപട്യത്തിന് ഉദാഹരണമാണ്. കോൺഗ്രസ്സും സി.പി.എമ്മും പരസ്പരം കൂട്ടുകൂടുന്നത്  പാർട്ടികളുടെ സ്വഭാവം ഒന്നായതു കൊണ്ടാണ്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ വയനാട്ടിലെ കോൺഗ്രസ് - സി.പി.എം ബന്ധം പകൽ പോലെ വെളിച്ചത്ത് വരും. 
എവിടെയൊക്കെ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ട്. കമ്യുണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല, അക്രമമാണ്.  കമ്യുണിസ്റ്റ് അക്രമത്തിന്റെ ആസ്ഥാനമാണ് കണ്ണൂർ. ഇവിടെ നിരപരാധികളായ നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടപ്പെടുത്തി. ഈ നാട്ടിൽ നിരവധി പ്രവർത്തകർക്കു ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്തമായ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു എന്നതുകൊണ്ട് മാത്രമാണ്. കെ.ടി.ജയകൃഷ്ണൻ മാസ്റ്ററടക്കം ഇത്തരത്തിൽ ജീവൻ നൽകിയവരാണ്. ഈ അക്രമങ്ങൾക്കു ജനങ്ങൾ ജനാധിപത്യത്തിലൂടെ മറുപടി നൽകും. - നിർമലാ സീതാരാമൻ പറഞ്ഞു. രാവിലെ പത്തരയോടെ കണ്ണൂരിലെത്തിയ പ്രതിരോധ മന്ത്രി ബി.ജെ.പി ഓഫീസായ മാരാർജി ഭവനിലെ ബലിദാൻ സ്മൃതിയിലും കണ്ണൂർ നഗരത്തിലെ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിയാണ് സ്റ്റേഡിയം കോർണറിലെ പൊതുസമ്മേളന വേദിയിലെത്തിയത്. ചടങ്ങിൽ കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സി.കെ.പത്മനാഭൻ, പി.സത്യപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. 
 

Latest News