മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം: ശബരിമല വിധിയുള്ളതിനാല്‍ ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല വിധി നിലനില്‍ക്കുന്ന പശ്ചാത്തലിലാണ് ഈ ഹരജി പരിഗണിക്കുന്നതെന്നും വ്യക്തമാക്കിയ കോടതി കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസയച്ചു. ഹരജി പരിഗണിക്കാമെന്നു സമ്മതിച്ച കോടതി പള്ളിയില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്നും ആരെങ്കിലും തടഞ്ഞിട്ടുണ്ടോ എന്നും ഹരജിക്കാരായ മാഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികളോട് ചോദിച്ചു. 

ഈ ഹരജിയുടെ നിലനില്‍പ്പു സംബന്ധിച്ച് കോടതി മറ്റു ചില സുപ്രധാന ചോദ്യങ്ങള്‍ കൂടി ഹരജിക്കാരോട് ചോദിച്ചു. തുല്യരായി പരിഗണിക്കണമെന്ന് മറ്റൊരു വ്യക്തിയോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുമോ? ഇതു വ്യക്തികള്‍ക്കു ബാധകമാണോ? തുല്യതയ്ക്കുള്ള അവകാശം രാഷ്ട്രത്തിന് തടയാനാവില്ല. എന്നാല്‍ പള്ളികളും ചര്‍ച്ചുകളും രാഷ്ട്രമാണോ? ആരെങ്കിലും മറ്റൊരാളെ അവരുടെ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കില്‍ പോലീസിനെ വിളിപ്പിക്കാനാകുമോ?- കോടതി ചോദിച്ചു. 

യാസ്മീജ് സുബെര്‍ അഹമദ് പീര്‍സാദെ, സുബെര്‍ അഹമദ് പീര്‍സാദെ എന്നിവരാണ് മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ദമ്പതികള്‍ ഹരജിയില്‍ പറയുന്നു.
 

Latest News