ന്യൂദല്‍ഹി- വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമാണെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ അന്തസ്സിനെ കടന്നാക്രമിക്കുന്നതാണ് ബലാത്സംഗമെന്നും ജസ്റ്റിസുമായ എല്‍ നാഗേശ്വര റാവു, എം ആര് ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2013ല്‍ ചത്തീസ്ഗഢിലെ ഡോക്ടര്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്കിയ കേസിലാണ് സുപ്രധാന വിധി. ബിലാസ്പൂര്‍ സ്വദേശിനിയാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. 2009 മുതല്‍ ഡോക്ടറെ അറിയാമെന്നും തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഡോക്ടര്‍ പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതി നല്‍കുകയും കീഴ്ക്കോടതി ഡോക്ടറെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേ ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവെച്ചു. ഇതിനെ ചോദ്യം ചെയ്താണ് പ്രതി സുപ്രിംകോടതിയിലെത്തിയത്.
ബലാത്സഗം ശാരീരികവും മാനസികവുമായ നിന്ദ്യമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകി ഇരയുടെ ശരീരമാണ് ഇല്ലാതാക്കുന്നതെങ്കില്‍ ബലാത്സംഗം ചെയ്യുമ്പോള്‍ നിസ്സഹയായ ഒരു സ്ത്രീയുടെ ആത്മാവിനെയാണ് മലിനപ്പെടുത്തുന്നത്. അവരുടെ ജീവിതം അപ്പാടെ പിടിച്ചുകുലുക്കുകയാണ് അതിലൂടെ ഉണ്ടാകുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രതി ഒരിക്കലും യുവതിയെ വിവാഹം ചെയ്യാനുള്ള സന്നദ്ധത കാണിച്ചിട്ടില്ലെന്നും ലൈംഗികത മാത്രമായിരുന്നു ഉദ്ദേശമെന്നു വ്യക്തമാക്കുന്നതാണ് തെളിവുകളെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗമാണ് നടന്നതെന്നു വ്യക്തമാക്കിയ കോടതി പ്രതി അതിന്റെ പരിണതഫലം അനുഭവിക്കണമെന്നും വിധിച്ചു.






