Sorry, you need to enable JavaScript to visit this website.

അല്‍ ഐന്‍ തീപ്പിടിത്തം: ദുരന്താഘാതത്തില്‍ നടുങ്ങി പാക് സമൂഹം

അല്‍ ഐന്‍- ആറു പാക്കിസ്ഥാനികളുടെ മരണത്തിനിടയാക്കിയ വില്ല തീപ്പിടിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പാക് സമൂഹത്തെ നടുക്കിയ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും ആളുകള്‍ വിമുക്തരായിട്ടില്ല.
യു.എ.ഇയിലെ പാക് സമൂഹം സാക്ഷിയായ വലിയ ദുരന്തമാണിതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഹാജി ദറസ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വില്ലക്ക് തീപ്പിടിച്ച് കുടുംബത്തിലെ നാലു പേരടക്കം ആറ് പേര്‍ മരിച്ചത്.
എല്ലാ മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി പാക് എംബസിയും സാമൂഹിക പ്രവര്‍ത്തകരും നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. മൃതദേഹങ്ങള്‍ സൗജന്യമായി പി.ഐ.എ എയര്‍ലൈന്‍സ് നാട്ടിലെത്തിക്കും. അവരവരുടെ മാതൃനഗരങ്ങളിലേക്ക് എത്തിക്കാന്‍ ഇസ്‌ലാമാബാദ് എയര്‍പോര്‍ട്ടില്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
തീപ്പിടിച്ച വിവരം പോലീസിനെ അറിയിക്കുന്നതില്‍ വന്ന വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പോലീസിനെ അറിയിക്കുന്നതിന് പകരം സ്വന്തമായി തീയണക്കാന്‍ രണ്ടു പാക്കിസ്ഥാനികള്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തീ ആളിപ്പടരുകയായിരുന്നു.
ഒമര്‍ ഫാറൂഖ് (23), സഹോദരന്‍ ഖുര്‍റം (27), പിതാവ് ഫാറൂഖ്, ബന്ധു ഹൈദര്‍ എന്നിവരും കുടുംബ സുഹൃത്തുക്കളായ ഖയാല്‍ അഫ്ദല്‍, ഈദ് നവാസ് എന്നിവരുമാണ് മരിച്ചത്.
ദുബായില്‍നിന്ന് കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മുഹമ്മദ് റഹീം എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ബാത്‌റൂമിന്റെ അലൂമിനിയം മേല്‍ക്കൂര ഇടിച്ചുതുറന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്നതു കാരണം മറ്റുള്ളവരെ രക്ഷിക്കാന്‍ തനിക്കായില്ലെന്ന് ഇയാള്‍ പറഞ്ഞു.
അയല്‍ക്കാര്‍ സിവില്‍ ഡിഫന്‍സിനെ വിളിച്ചുവരുത്തുമ്പോഴേക്കും സമയം വൈകിയിരുന്നു.

 

 

Latest News