ന്യൂദൽഹി- കർണാടകയിൽ മുഖ്യമന്ത്രി പദം ലഭിക്കാൻ ബി.ജെ.പി ദേശീയ നേതാക്കൾക്ക് ബി.എസ് യെദ്യൂരപ്പ കോഴ നൽകിയെന്ന ആരോപണത്തിന് തെളിവുമായി കോൺഗ്രസ്. യെദ്യൂരപ്പയുടേതെന്ന് അവകാശപ്പെടുന്ന ഡയറി കോൺഗ്രസ് പുറത്തുവിട്ടു. ന്യൂദൽഹിയിൽ എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലാണ് ഡയറി പുറത്തുവിട്ടത്. ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.
മാർച്ച് അഞ്ചിന് ഇതേ ഡയറിയുടെ പകർപ്പ് വാർത്താ സമ്മേളത്തിലൂടെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. വലിയ വിവാദങ്ങൾക്കായിരുന്നു ഇത് വഴിവെച്ചത്. 2008ൽ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് 1800 കോടി രൂപ ബി ജെ പി ദേശീയനേതൃത്വത്തിന് നൽകിയെന്നാണ് ഡയറി തെളിവായി ഉദ്ധരിച്ച് കോൺഗ്രസ് ആരോപിക്കുന്നത്.
നിതിൻ ഗഡ്കരിക്കും അരുൺ ജെയ്റ്റ്‌ലിക്കും 150 കോടിരൂപ വീതവും രാജ്‌നാഥ് സിങ്ങിന് 100 കോടിയും മുരളീ മനോഹർ ജോഷി, അദ്വാനി എന്നിവർക്ക് അമ്പതു കോടിരൂപ വീതവും നൽകിയെന്നാണ് ഡയറിയിൽ പറയുന്നത്. ജഡ്ജിമാർക്ക് 250 കോടിരൂപ നൽകിയെന്നും ഡയറി തെളിവായി കാണിച്ച് കോൺഗ്രസ് ആരോപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തിൽ ഇടപെടണമെന്നും കപിൽ ആവശ്യപ്പെട്ടു.
മുമ്പ് ഡയറിയുടെ പകർപ്പ് കോൺഗ്രസ് പുറത്തുവിട്ട സമയത്ത് പ്രതിരോധവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. പകർപ്പാണ് പുറത്തെത്തിയതെന്നും യഥാർഥ ഡയറിയല്ലെന്നുമായിരുന്നു ബി ജെ പിയുടെ വാദം. ആവശ്യമെങ്കിൽ യഥാർഥ ഡയറി അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ തയ്യാറാണെന്നും സിബൽ പറഞ്ഞു.