റിയാദ് - മക്കയിലെയും മദീനയിലെയും ഹോട്ടലുകളിൽ നിന്ന് ഖത്തരികളെ പുറത്താക്കിയിട്ടില്ലെന്ന് ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഖത്തരികളെ ഹോട്ടലുകളിൽ നിന്ന് പുറത്താക്കിയതായി ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ല. ചിലർ സ്വന്തം നിലക്ക് ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കുകയും മറ്റു ചിലർ വാടക കാലം പൂർത്തിയാകുന്നതിനു മുമ്പായി താമസം മതിയാക്കി മടങ്ങുകയും ചെയ്തിട്ടുണ്ട്. മക്കയിലെയും മദീനയിലെയും ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്ത ഉംറ നിർവഹിക്കുന്നതിന് എത്താത്ത ഖത്തരികളുടെ പണം തിരികെ നൽകുന്നതിന് ഹോട്ടലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചരിത്രത്തിൽ ഒരു കാലത്തും ഉംറയും ഹജും നിർവഹിക്കുന്നതിൽ നിന്ന് സൗദി അറേബ്യ ആരെയും വിലക്കിയിട്ടില്ല. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീർഥാടർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
സൗദിയിലെത്താത്ത ഖത്തരി തീർഥാടകർക്ക് മക്കയിലെയും മദീനയിലെയും ഹോട്ടലുകൾ ലക്ഷക്കണക്കിന് റിയാൽ തിരിച്ചുനൽകിയതായി ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ പറഞ്ഞു. വാടക കാലാവധി പൂർത്തിയാകുന്നതിനു മുമ്പായി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയ ഖത്തരി തീർഥാടകർക്കും വാടകയിനത്തിലെ ബാക്കി ഹോട്ടലുകൾ തിരിച്ചുനൽകിയിട്ടുണ്ട്.






