രാംപൂര്‍- അടിവസ്ത്രം കാക്കിയാണെന്ന് പറഞ്ഞ സമജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ജയപ്രദ രംഗത്ത്. താനൊരു സ്ത്രീയാണെന്നും അയാള്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കാനാവില്ലെന്നും ജയപ്രദ പറഞ്ഞു.
അസംഖാനില്‍നിന്ന് ഇത് ആദ്യത്തെ അനുഭവമല്ല. 2009 ല്‍ അസംഖാന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹം തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. അസംഖാന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നാരും തന്നെ പിന്തുണച്ചില്ലെന്നും ജയപ്രദ പറഞ്ഞു.
അസംഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ജയപ്രദ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയാല്‍ രാംപൂര്‍ വിട്ടുപോകുമെന്നാണോ കരുതുന്നത്. ഒരിക്കലും വിട്ടുപോകില്ല -ജയപ്രദ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ജയപ്രദയുടെ അടിവസ്ത്രം കാക്കിയാണെന്ന് 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നുവെന്നായിരുന്നു അസംഖാന്റെ പ്രസ്താവന. എന്നാല്‍ താന്‍ ആരേയും പേരെടുത്ത് പറഞ്ഞില്ലെന്നാണ് അസംഖാന്റെ വിശദീകരണം.