ശ്രീനഗര്‍- ജമ്മു കശ്മീരിലെ ലത്പോരയില് 2017 ല്‍ സി.ആര്.പിഎഫ് ഗ്രൂപ്പ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ഇര്‍ഷാദ് അഹമ്മദ് റെഷിയെയാണ് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്.
ഇതോടെ ലത്പോര ഭീകരാക്രമണ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കശ്മീരിലെ പുല്‍വാമ ജില്ലക്കാരനായെ റെഷി ജെയ്ശെ മുഹമ്മദ് ഭീകര സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ജെയ്ശ് കമാന്‍ഡറായ നൂര്‍ മുഹമ്മദ് തന്ത്രെയുടെ അടുത്ത അനുയായി ആയിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
അറസ്റ്റിലായ ഭീകരനെ തിങ്കളാഴ്ച പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ജെയ്ശ് കമാന്‍ഡര്‍ നൂര്‍ തന്ത്രെയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന് പ്രതികാരം ചെയ്യാനാണ് ഭീകരര്‍ ലത്പോരയിലെ സി.ആര്.പി.എഫ് ഗ്രൂപ്പ് സെന്റര്‍ ആക്രമിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച അറസ്റ്റിലായ റെഷിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നത്. ആയുധങ്ങള്‍ എത്തിച്ചതും ഭീകരര്‍ക്ക് യാത്രാസൗകര്യവും താമസ സൗകര്യവും ഒരുക്കിയതും ഇയാളായിരുന്നു. സി.ആര്.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പരിസരത്ത് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2017 ഡിസംബര്‍ 30ന് രാത്രിയാണ് മൂന്ന് ജെയ്ശെ ഭീകരര്‍ സി.ആര്.പി.എഫ് ഗ്രൂപ്പ് സെന്ററിനുനേരെ ആക്രമണം നടത്തിയത്. ഭീകരാക്രമണവുമായി ബന്ധമുള്ള നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.






