കോഴിക്കോട്- അയോധ്യ വിഷയത്തില്‍ മുസ്ലിം ലീഗ് സ്വീകരിച്ച സംയമനം അക്രമങ്ങളുണ്ടായാല്‍ ലീഗിന്റെ സമ്പന്നരായ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടം സംഭവിക്കുമെന്ന തിരിച്ചറിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ വി മുരളീധരന്‍.
ലീഗിന്റെ പതാകയെ പാക്കിസ്ഥാന്‍ പതാകയുമായി താരതമ്യം ചെയ്ത് അമിത് ഷാ സംസാരിച്ചതില്‍ തെറ്റില്ല. വയനാട് മണ്ഡലത്തില്‍ 40% മാത്രമേ ഹിന്ദുക്കളുള്ളൂ. ഭീകരവാദികള്‍ക്ക് പിന്തുണ കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കേരളത്തിലെ രാഷ്ട്രീയത്തിലുള്ള സ്വാധീനം വര്‍ധിക്കാനുള്ള സാഹചര്യം രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ ഉണ്ടാവുകയാണ്. ലീഗ് ഭീകരവാദികളെ പിന്തുണക്കുന്ന പാര്‍ട്ടിയാണ്.
ഭീകരവാദികളെ പിന്തുണക്കുന്നവരാണ് ലീഗിലുള്ള ധാരാളം ആളുകള്‍. രണ്ട് മന്ത്രിമാരുണ്ടായിരുന്ന 67ലെ സ്ഥിതിയില്‍ നിന്ന് 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വന്നപ്പോള്‍ നാല് മന്ത്രിമാരായി അവരുടെ സ്വാധീനം വര്‍ധിച്ചു. ആ സ്വാധീനം വര്‍ധിക്കുക എന്നാല്‍ കേരളം ഭീകരവാദികളുടെ നഴ്‌സറിയായി മാറുന്നു എന്നാണ്. രാജ്യം മുഴുവന്‍ നടക്കുന്ന ഭീകരവാദ ആക്രമണത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും ചെറുപ്പക്കാര്‍ ഉണ്ട്. കശ്മീരില്‍ വെടിവെപ്പില്‍ മരിക്കുന്നവരിലുള്‍പ്പെടെയുണ്ട്. അപ്പോള്‍ അതിന്റെ കാരണക്കാരാരാണ്. ലീഗിനെ പിന്തുണക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയും പിണറായി വിജയന്റെ പാര്‍ട്ടിയുമാണ് കാരണക്കാര്‍. അവരുടെ മാറിമാറിയുള്ള സംരക്ഷണത്തിലാണ് കേരളത്തില്‍ ലീഗ് വളര്‍ന്നത്- അദ്ദേഹം പറഞ്ഞു.
ലീഗിന്റെ സ്വാധീനത്തോടെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ലീഗിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ മൂന്നാമത്തെ സീറ്റായി അവര്‍ വയനാട് ചോദിക്കുമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ പറഞ്ഞു. റായ്ബറേലിയില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോകുമ്പോള്‍ പൂജ നടത്തി ആ പടം പത്രത്തില്‍ നല്‍കും. വയനാട്ടില്‍ നോമിനേഷന്‍ കൊടുക്കാന്‍ ചെല്ലുമ്പോള്‍ പച്ച പതാകയേന്തിയും. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ശിവഭക്തനാണെന്ന് ഷര്‍ട്ടിന്റെ മുകളില്‍ കൂടി പൂണൂല്‍ ധരിച്ച് കാണിച്ചിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വസ്തുതകള്‍ അമിത് ഷാ പറഞ്ഞുവെന്നേയുള്ളൂ. അതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.