ശ്വാസമടക്കി എട്ടു മണിക്കൂര്‍; ഒടുവില്‍ അഞ്ചു വയസ്സുകാരനെ രക്ഷിച്ചു

മഥുര- ഉത്തര്‍പ്രദേശിലെ മഥുരയില്‍ 100 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷിച്ചു. കുട്ടി സുരക്ഷിതനാണെന്നും ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്നും മഥുര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷേര്‍ സിംഗ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് പഴം പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചു വയസ്സുകാരന്‍ പ്രവീണ്‍ അബദ്ധത്തില്‍ കുഴല്‍ കിണറിലേക്ക് വീണത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നുവെന്നും സൈന്യവും സഹായത്തിനെത്തിയെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം അസി. കമാന്‍ഡര്‍ അനില്‍ കുമാര്‍ സിംഗ് പറഞ്ഞു. വാര്‍ത്ത അറിഞ്ഞയുടന്‍ പ്രാദേശിക അധികൃതര്‍ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചുവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴല്‍ക്കിണറിന്റെ വ്യാപ്തി കൂട്ടിയാണ് എട്ടു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ കുട്ടികള്‍ കുഴല്‍കിണറില്‍ വീണ് അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രില്‍ മൂന്നിന് ആറുവയസുകാരി 60 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്.

 

 

 

 

Latest News