Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജസ്റ്റ് റിമംബർ ദാറ്റ്....ദിസ് ഈസ് സുരേഷ് ഗോപി

സ്റ്റാർട്ട്.. ആക്ഷൻ എന്ന് രാവിലെ പറഞ്ഞാൽ കട്ട് പറയുന്നത് പാതിരാത്രി പിന്നിടുമ്പോഴാണ്. വെളളിത്തിരയിലെ ആക്ഷൻ സിനിമകളിൽനിന്നു തെരഞ്ഞെടുപ്പ് ചൂടിന്റെ ആക്ഷൻ ത്രില്ലറിലേക്ക് വന്നണഞ്ഞ സുരേഷ് ഗോപിക്ക് ഇത് റീടേയ്ക്കുകളില്ലാത്ത പ്രചാരണനാളുകൾ. തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ എൻ.ഡി.എയുടെ വൈകിയെത്തിയ സ്ഥാനാർഥിയായി അവരോധിക്കപ്പെട്ട സുരേഷ്‌ഗോപിയുടെ പ്രചാരണത്തിന് അതുകൊണ്ടുതന്നെ ഒരു കിടിലൻ ആക്ഷൻ സിനിമയുടെ വേഗവും ചടുലതയുമുണ്ട്. അതിരാവിലെ തന്നെ അഭിവാദ്യമർപ്പിച്ചെത്തിയ ആരാധകരെ നിരാശരാക്കാതെ കൈവീശിക്കാണിച്ച് നായകന്റെ വണ്ടി സ്റ്റാർട്ടായി. ഒരു ഷാജി കൈലാസ് ചിത്രം പോലെ ക്ലോസപ്പിൽ പതിയെ തിരിയുന്ന വണ്ടിയുടെ ചക്രങ്ങൾ....

അല്ലെങ്കിലും നായകന്റെ കടന്നുവരവ് പതുക്കെയായിരിക്കുമല്ലോ സിനിമയിൽ. സിനിമ തുടങ്ങി ഒന്ന് പഞ്ചാവുമ്പോഴേ നായകന്റെ ഇൻട്രോഡക്ഷൻ ഉണ്ടാകൂ. തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി സുരേഷ്‌ഗോപി എത്തിയതും അത്തരമൊരു ഇടവേളക്ക് ശേഷമാണ്. 
തുഷാർ തഴഞ്ഞ തൃശൂരിൽ എൻ.ഡി.എയുടെ വിജയപതാക പാറിക്കുകയെന്ന ലക്ഷ്യത്തോടെ നായകൻ ചുരുങ്ങിയ സമയം കൊണ്ട് പറപറക്കുകയാണ്.

തുടർച്ചയായ അലച്ചിലുകൾ മുഖത്ത് ക്ഷീണത്തിന്റെ പാടുകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും സുരേഷ്‌ഗോപി ആവേശത്തിലാണ്. അതിലേറെ ആവേശത്തിലാണ് പ്രവർത്തകർ. അതുക്കും മേലെയാണ് വഴിനീളെ കാത്തുനിൽക്കുന്ന ആരാധകരുടേയും പ്രവർത്തകരുടേയും ആവേശം. പ്രചാരണവാഹനം കടന്നുപോകുന്ന വഴികളിലെല്ലാം ആ ആവേശത്തിരയിളക്കം കാണാം. 

നിശ്ചയിച്ച പ്രകാരം പ്രചാരണപരിപാടികൾ തുടങ്ങാൻ സാധിക്കുന്നുണ്ടെങ്കിലും സുരേഷ്‌ഗോപിയുടെ പ്രചാരണവാഹനം എല്ലായിടത്തും ബ്ലോക്കിൽ പെടുന്ന കാഴ്ചയാണ്. സ്വീകരണ കേന്ദ്രങ്ങളിൽ സിനിമ കാണാനുള്ള ആൾക്കൂട്ടമാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ. വോട്ടുചെയ്യാൻ പ്രായമായില്ലെങ്കിലും സുരേഷ്‌ഗോപിയെ കാണാൻ കുട്ടികളുണ്ട് എല്ലായിടത്തും. അവരെ കളിപ്പിച്ചും ലാളിച്ചും കൈകൊടുത്തും കവിളിൽ തലോടിയും സുരേഷ്‌ഗോപി അവരിൽ ഒരാളാകുന്നു. 

എന്തുകൊണ്ടാണ് ഇത്രയേറെ ആരാധകർ എന്ന് ചോദിച്ചാൽ സുരേഷ്‌ഗോപി ചിരിക്കും. തിരക്കുള്ള സൂപ്പർതാരമല്ലാതിരിക്കുമ്പോഴും ഞാൻ കോടീശ്വരൻ പോലുള്ള ചാനൽ പരിപാടി അവസാനിച്ചിട്ടും ഇപ്പോഴും ആരാധകർക്ക് കുറവില്ലല്ലോ എന്ന ചോദ്യത്തിനും ചിരി തന്നെ ഉത്തരം. ഈ ആൾക്കൂട്ടമാണ് എന്റെ ഉത്തരമെന്നും എന്റെ ശക്തിയെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി വ്യക്തമാക്കുന്നു.

തൃശൂരിന്റെ തീരദേശങ്ങളിലായിരുന്നു പര്യടനം. കേരളക്കരയെ പ്രളയത്തിൽനിന്നു കൈപിടിച്ച് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കേരളത്തിന്റെ സ്വന്തം സൈനികരെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെ നാട്ടിലൂടെ പ്രചാരണവാഹനം കടന്നുപോകുമ്പോൾ കടൽക്കാറ്റിന്റെ ഉപ്പുരസം അറിഞ്ഞു. 
തൃപ്രയാറിൽനിന്നായിരുന്നു തീരദേശ പ്രചാരണത്തുടക്കം. സുരേഷ്‌ഗോപി എത്തുന്നുവെന്നറിഞ്ഞ് സാധാരണക്കാരായ നിരവധി പേർ മണിക്കൂറുകൾ മുൻപേ തൃപ്രയാറിൽ കാത്തുനിന്നു. ചെത്ത് സ്‌റ്റൈലിൽ വന്നെത്തിയ പ്രിയപ്പെട്ട ഭരത്ചന്ദ്രന് കൈകൊടുത്തും ഹായ് പറഞ്ഞു മാലയണിയിച്ചും ആൾക്കൂട്ടം സ്‌നേഹം പ്രകടിപ്പിച്ചു. ആരാധകരോ പാർട്ടി പ്രവർത്തകരോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. സിനിമയിലെ പോലെ ആവേശംകൊള്ളിക്കുന്ന കിടിലൻ പ്രസംഗങ്ങളില്ലായിരുന്നു തുടക്കത്തിൽ. പ്രധാനമന്ത്രിയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ടുചോദിച്ച് സുരേഷ്‌ഗോപി പതിയെ തുടങ്ങി. പര്യടനം എടമുട്ടത്ത് എത്തിയപ്പോൾ വൃദ്ധരടക്കമുള്ളവർ കാത്തുനിൽക്കുന്നു. അവരെ കണ്ടയുടൻ വണ്ടിയിൽ നിന്നിറങ്ങി അവർക്കരികിലെത്തി അനുഗ്രഹം തേടി. സ്ത്രീകളും കുട്ടികളുമുണ്ട് കൂട്ടത്തിൽ. കുട്ടികൾക്കെല്ലാം സൂപ്പർഹീറോയെ നേരിൽ കണ്ടതിന്റെ ആവേശം. കാണാത്ത കൂട്ടുകാരോട് പറയാൻ കിട്ടിയ ഭാഗ്യം ലോട്ടറിയടിച്ച പോലെ. 
അടുത്ത സ്വീകരണ സ്ഥലമായ പ്രിയ സെന്ററിലെത്തുമ്പോഴേക്കും സൂര്യന്റെ ചൂട് 35 ഡിഗ്രിയിൽ അധികമായിട്ടുണ്ടായിരുന്നു. അവിടെയും വൻ ജനാവലി തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. മത്സ്യമേഖലക്കായി നരേന്ദ്ര മോഡി സർക്കാർ നടപ്പിലാക്കിയ നിരവധി പദ്ധതികളെ കുറിച്ചും മത്സ്യതൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യമായ കേന്ദ്രഫിഷറീസ് വകുപ്പ് യാഥാർത്ഥ്യമാക്കിയതും സുരേഷ് ഗോപി അക്കമിട്ടു നിരത്തിയപ്പോൾ കടലിന്റെ മക്കൾ കരഘോഷം മുഴക്കി. 
നാട്ടിക പോസ്‌റ്റോഫീസ് ജംഗ്ഷനിൽ മണിക്കൂറുകൾ വൈകിയെത്തിയിട്ടും തിങ്ങി നിറഞ്ഞ സദസാണ് താരത്തെ വരവേറ്റത്. വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.  പിന്നീട് സ്‌നേഹതീരം ബീച്ച്, എടശ്ശേരി, ത്രിവേണി ബീച്ച്, തളിക്കുളം, അന്തിക്കാട്, ആനേശ്വരം ക്ഷേത്രം, പെരിങ്ങോട്ടുകര  തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണവാഹനമെത്തി. എല്ലായിടത്തും ആൾക്കൂട്ടം കൂടിക്കൊണ്ടേയിരുന്നു. പലപ്പോഴും ഗതാഗതം സ്തംഭിച്ചു. വാഹനക്കുരുക്ക് അനുഭവപ്പെട്ടു. അപ്പോഴെല്ലാം എൻ.ഡി.എ പ്രവർത്തകർ ഓടിയെത്തി ഗതാഗതം നിയന്ത്രിച്ച് വാഹനക്കുരുക്ക് ഒഴിവാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നുണ്ടായിരുന്നു. 
ഓരോ സ്വീകരണസ്ഥലത്തേയും പ്രസംഗവും സ്വീകരണവും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ടായിരുന്നു. കിടിലൻ ഡയലോഗുകളും പോടാ പുല്ലേ എന്നുള്ള വിളിയുമൊക്കെ ജനക്കൂട്ടം ആസ്വദിക്കുന്നുണ്ടായിരുന്നു. അഞ്ചേ അഞ്ചു ദിനം കൊണ്ട് ആൾക്കൂട്ടത്തെ എങ്ങിനെ കയ്യിലെടുക്കാമെന്ന് സുരേഷ്‌ഗോപി മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. 
മലയോര ഗ്രാമങ്ങളാകട്ടെ നഗരപ്രദേശമാകട്ടെ നാട്ടിൻപുറമാകട്ടെ ജനം കാത്തുനിൽക്കുകയാണ് തങ്ങളുടെ താരത്തെ കാണാൻ, സ്ഥാനാർത്ഥിയെ കാണാൻ എന്ന് പലരും പറയുന്നില്ല.
അതിനിടെ പ്രായമേറിയ ശങ്കരേട്ടൻ എന്നയാൾ സുരേഷ്‌ഗോപിയെ കാണാൻ തിക്കിത്തിരക്കിയെത്തി. ഏറെ നാളായി കാണണമെന്ന് വിചാരിക്കുന്നുവെന്നും നമുക്ക് തിരുവനന്തപുരത്തൊന്നും പോയി അദ്ദേഹത്തെ കാണാൻ എളുപ്പമല്ലെന്നും മ്മടെ നാട്ടില് വരുമ്പോൾ കാണാതിരിക്കാൻ പറ്റ്വോ എന്നും ചോദിച്ച് ശങ്കരേട്ടൻ തിരക്കിനെ മറികടന്ന് സുരേഷ്‌ഗോപിക്കരികിലെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സുരേഷ്‌ഗോപി അദ്ദേഹത്തെ തന്റെയടുത്തേക്ക് കടത്തിവിടാൻ പ്രവർത്തകരോട് നിർദ്ദേശിച്ചപ്പോൾ ആൾക്കൂട്ടം കയ്യടികളോടെ ശങ്കരേട്ടനെ സുരേഷ്‌ഗോപിക്കടുത്തേക്ക് വിട്ടു.
പ്രിയതാരത്തെ ക്ലോസപ്പിൽ കണ്ടതിന്റെ സന്തോഷവും അത്ഭുതവും ശങ്കരേട്ടന്റെ മുഖത്ത്!
ഇതാ ഇതിരിക്കട്ടെ എന്നും പറഞ്ഞ് തനിക്ക് പ്രവർത്തകരിലാരോ തന്ന കസവു ഷാളെടുത്ത് സുരേഷ്‌ഗോപി ശങ്കരേട്ടന് കൊടുത്തു. 
തൃശൂരിനെക്കുറിച്ച് പഠിച്ചോ എന്താണ് വാഗ്ദാനങ്ങൾ എന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിജി ചെയ്ത നല്ല കാര്യങ്ങൾ ഞാൻ ജനങ്ങളുമായി പങ്കുവെക്കുകയാണെന്നായിരുന്നു മറുപടി. വികസനം അർഹിക്കുന്ന നിരവധി കാര്യങ്ങൾ തൃശൂരിലുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. 
എതിർസ്ഥാനാർത്ഥികളെ കുറിച്ച് ചോദിച്ചപ്പോൾ എതിരാളികളല്ല അവർ ശക്തരായ മത്സരാർത്ഥികളാണ് എന്ന് സ്‌നേഹത്തോടെയുള്ള മറുപടി.
തൃശൂരിൽ സ്ഥലം വാങ്ങി വീടുവെക്കണമെന്ന ആഗ്രഹവും ജനങ്ങളുമായി പങ്കുവെച്ചു താരം.

ഒരു ദിവസത്തെ പ്രചാരണം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ നാളെ എങ്ങിനെ കൂടുതൽ പേരിലേക്ക് കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്താമെന്നായിരുന്നു സുരേഷ്‌ഗോപിയുടെ ചർച്ച. വാട്‌സാപ്പിൽ വന്ന കമന്റുളും ട്രോളുകളും നിർദ്ദേശങ്ങളുമെല്ലാം സ്ഥാനാർഥി പഠിച്ചെടുത്തു. മറുപടി ആവശ്യമുള്ളവർക്കെല്ലാം ചുരുങ്ങിയ വാക്കുകളിൽ മറുപടി. അതിനിടെ വീട്ടിൽനിന്ന് ഫോൺകോൾ. ഒന്നും പേടിക്കാനില്ലെന്ന് വീട്ടുകാരിയോട് പ്രിയതമന്റെ ഉറച്ച വാക്കുകൾ...മക്കളോടും വിശദമായ സ്‌നേഹാന്വേഷണങ്ങൾ...
വിജയസാധ്യത, വോട്ടിന്റെ എണ്ണം, വിലയിരുത്തൽ എന്നിവയെക്കുറിച്ച് ചോദിച്ചപ്പോൾ തിരക്കിനിടയിലും സിനിമാ ഡയലോഗിൽ ഉത്തരം: 
ജസ്റ്റ് വെയ്റ്റ് ആൻഡ് സീ.....

Latest News