Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നന്മയുടെ പൂമരങ്ങൾ

മൂക്കുമുട്ടെ തിന്നാൻ ഒരു മാസം കടന്നു വന്നുകഴിഞ്ഞു. വിശപ്പിന്റെ ഉൾവിളികൾ ഉൾക്കൊള്ളാൻ വേണ്ടിയാണ് നോമ്പ് എന്നാണ് ഭാഷ്യം!! എന്നാൽ ഭക്ഷണത്തിലെ വൈവിധ്യങ്ങൾ  പെരുമകൾ തിരിച്ചറിയാനും  തീറ്റയിൽ അഭിരമിക്കാനും അർമാദിക്കാനും മാത്രമായി പുണ്യമാസം മാറിക്കൊണ്ടിരിക്കുകയാണ്.  
അറേബ്യൻ  നാടുകളിലെ സ്റ്റാർ ഹോട്ടലുകൾ മുതൽ റമദാനിൽ മാത്രമായി തെരുവോരങ്ങളിൽ കെട്ടിയുർത്തുന്ന 'ഖിബ്ദ' കച്ചവടക്കാർക്കു പോലും ആർത്തിപ്പണ്ടാരങ്ങളുടെ ചാകരക്കാലമാണ്. സ്റ്റാർ ഹോട്ടലുകളുടെ ഇടനിലക്കാർ വർണപ്പകിട്ടാർന്ന ഭക്ഷണമേളയുടെ ബഫേ കാറ്റലോഗുകളുമായി  കഴിഞ്ഞ മാസം മുതൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി ഇറങ്ങി കച്ചവടമുറപ്പിക്കുന്ന തിരക്കിലായിരുന്നു. തലയൊന്നിന് ഇരുന്നൂറ്റമ്പത് റിയാൽ മുതൽ സാധാ മലബാരി ഹോട്ടലുകളിൽ ഇരുപത്തഞ്ചു റിയാൽ വരെ ഈ തീറ്റ മത്സരത്തിനു കളമൊരുക്കിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത പ്രവാസി വാറോല സംഘടനകൾ പോലും ഇഫ്താർ പാർട്ടികൾ ഒരുക്കാൻ ഇടം കണ്ടെത്താനുള്ള  നെട്ടോട്ടത്തിലാണ്. ഗൾഫിലെ സാംസ്‌കാരിക നായകന്മാർക്കും രാഷ്ട്രീയക്കാർക്കും അച്ചടി ദൃശ്യ മാധ്യമ പ്രവർത്തകർക്കും ഒരു ദിവസം രണ്ടു മൂന്നും ഇഫ്താർ പാർട്ടികളിൽ മുഖം കാണിക്കുകയും മുഖങ്ങൾ ഒപ്പിയെടുക്കുകയും വേണ്ടിവരും. 
ഒരു സ്ഥലത്തു നോമ്പ്  തുറന്ന് മുങ്ങുന്ന ഇവർ  മഗ്‌രിബ് നമസ്‌കാരം കഴിയുമ്പോഴേക്കും മറ്റൊരു താവളത്തിൽ ഓടിക്കിതച്ച് എത്തുകയും പരസ്യ ദാതാക്കളെ പിണക്കാതെ നോക്കേണ്ടതും അവർ  നടത്തുന്ന ഇഫ്താർ പാർട്ടികളുടെ കേമത്തവും  പങ്കെടുക്കുന്ന കോട്ടുകാരുടെ ജാഢത്തരങ്ങളും  ദൃശ്യ മികവോടെ ഒപ്പിയെടുത്ത് കാറ്റിൽ പരത്തിയില്ലെങ്കിൽ (എയർ ചെയ്തില്ലെങ്കിൽ) ആ ഒരൊറ്റ കാരണം മതി ചാനലുകളുടെ കാറ്റു പോകാൻ. സ്റ്റാർ ഹോട്ടലുകളിലെ ഇഫ്താർ ബഫെകളിൽ മുൻനിരയിൽ കയറിപ്പറ്റാനാണ് ഏവർക്കും  താൽപര്യം. ഇത്തരം  ഇഫ്താർ ദർബാറുകളിൽ പങ്കെടുപ്പിക്കുന്നത് സമൂഹത്തിലെ വൈറ്റ് കോളർകാരേയും കോട്ടുകാരേയും മാത്രമായിരിക്കും. അവരാണെങ്കിൽ സുഭിക്ഷമായി നോമ്പ് തുറക്കാൻ കഴിവുള്ളവരും കുടുംബവുമായി കഴിയുന്നവരുമായിരിക്കും.സാധരണക്കാരായ  പ്രവാസികളെ അവിടെയെങ്ങും മഷിയിട്ട് നോക്കിയാൽ കാണാൻ കഴിയില്ല. അവരെ സ്വന്തം നാട്ടു കൂട്ടായ്മകളിലും മഹല്ല് കമ്മിറ്റികളിലും മറ്റു പോഷക സംഘടനകൾ നടത്തുന്ന ഇഫ്താർ മീറ്റുകളിലും മാത്രം കാണാം. മലബാറുകാർ നടത്തുന്ന ഇഫ്താർ മാമാങ്കങ്ങൾ അപ്പത്തരങ്ങളുടെ പെരുപ്പത്തിലും പെരുമയിലും അതിന്റെ പോരിശകൾ അടുത്ത നോമ്പ് വരെ പാടിപ്പറയാൻ മാത്രമുള്ളതായിരിക്കും. തട്ടുവീരൻമാർക്ക് ഇത്തരം ഇഫ്താർ മേളകളിൽ ഇടിച്ചുകയറാനാണ് ഇഷ്ടം.
ഇബാദത്തിനേക്കാൾ 'ദാവത്തിന്' പ്രാധാന്യം കൊടുക്കുകയാണ് റമദാൻ കാലം. ചാനലുകളിൽ മുഴുവനും തട്ടമിട്ട തരുണീ മണികൾ നിങ്ങൾ തിന്ന്...തിന്നൂന്നും പറഞ്ഞുകൊണ്ട് നോമ്പുകാരെ തീറ്റിക്കാൻ തരിക്കഞ്ഞിയും തരിപ്പോളയും തരിയുണ്ടയും ഒരുക്കി തകർത്താടുകയാണ്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ഇഫ്താർ വിരുന്നുകളുടെ പെരുമഴക്കാലം മാത്രമാണ്. എന്നാൽ റമദാൻ പുണ്യങ്ങളുടെ പൂക്കാലമെന്നത് വെറും അച്ചടി ഭാഷയുടെ പ്രാസഭംഗി മാത്രമായി ഒതുങ്ങിപ്പോയി.
റമദാനിലെ  ദാനധർമങ്ങളുടെ പുണ്യവും ദൈവ പ്രീതിയും  മാത്രം കാംക്ഷിച്ചുകൊണ്ട്  നോമ്പു തുറപ്പിക്കാൻ പള്ളികളിലും അതോടനുബന്ധിച്ചുള്ള ടെന്റുകളിലുമായി ലക്ഷക്കണക്കിന്  റിയാലുകളും  ദിർഹങ്ങളും  ദീനാറുകളുമാണ് അലിവുള്ള മനസ്സുകൾ മറുകൈ അറിയാതെ ഇവിടങ്ങളിലേക്ക് ഒഴുക്കുന്നത്. പാവപ്പെട്ട രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പതിനായിരക്കണക്കായ പ്രവാസികളും അഗതികളും ഇത്തരം ഇടങ്ങളിലെ പരിമിതമായ സൗകര്യങ്ങളിൽ നോമ്പ്  തുറക്കുകയും വീടുകളിൽ കൊണ്ടുപോയി അത്താഴം കഴിക്കുകയും ചെയ്യുന്നു.  കൊടുക്കുന്നവർക്കും കഴിക്കുന്നവർക്കും ആരുടേതാണെന്നും ആരാണിത് ചെയ്യുന്നത് എന്നറിയാതെ ഒഴുകുന്ന നന്മകളുടെ നീരൊഴുക്കുകൾ ഒന്നുകൊണ്ടു മാത്രമായിരിക്കും നോമ്പിന്റെ  നോവും നൊമ്പരങ്ങളും വിസ്മരിക്കപ്പെടുന്നതും. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ടവരുടെ നേർചിത്രം ദൃശ്യങ്ങളിൽ കാണുമ്പോൾ  റമദാന്റെ പേരിൽ നടത്തുന്ന ഇത്തരം തീറ്റ മത്സരങ്ങളെ നെഞ്ചിടിപ്പോടെ  മാത്രമേ നോക്കിക്കാണാൻ കഴിയൂ. 

 

Latest News