Sorry, you need to enable JavaScript to visit this website.

ഹജറുൽ അസ്‌വദ് ആവരണത്തിന് വേണ്ട വെള്ളിയുടെ അളവ്‌

ഹജറുൽഅസ്‌വദിന് സംരക്ഷണം നൽകുന്ന വെള്ളി ഫ്രെയിമുമായി ഫാരിസ് ബദ്ർ.

മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തിയിൽ സ്ഥാപിച്ച ഹജറുൽഅസ്‌വദിന് സംരക്ഷണം നൽകുന്ന വെള്ളി ആവരണം നിർമിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത് 50 കിലോ വെള്ളി. വിശുദ്ധ ഹറമിൽ ഏതു സമയമവും ഏറ്റവും കടുത്ത തിരക്ക് അനുഭവപ്പെടുന്നത് ഹജറുൽഅസ്‌വദിനു സമീപമാണ്. 
ഹജറുൽഅസ്‌വദ് ചുംബിക്കുന്നതിനും ഒരുനോക്ക് കാണുന്നതിനും ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന തീർഥാടകർ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ കടുത്ത തിരക്ക് മൂലം അധിക പേർക്കും ഇതിന് ഭാഗ്യം ലഭിക്കാറില്ല. 
ഹജറുൽഅസ്‌വദിന് സംരക്ഷണം നൽകുന്ന ആവരണമായ വെള്ളി ഫ്രെയിം ആധുനിക സൗദി ഭരണ കാലത്ത് രണ്ടു തവണ മാറ്റിയിട്ടുണ്ട്. ഹിജ്‌റ 1399 ൽ ഖാലിദ് രാജാവിന്റെ കാലത്തും 1422 ൽ ഫഹദ് രാജാവിന്റെ കാലത്തുമാണ് വെള്ളി ഫ്രെയിം മാറ്റിയത്. പുതിയ വെള്ളി ഫ്രെയിം നിർമിക്കുന്നതിന് ഭാഗ്യം സിദ്ധിച്ചത് മക്കയിലെ ആഭരണ നിർമാണ വിദഗ്ധൻ അഹ്മദ് ഇബ്രാഹിം ബദ്‌റിനായിരുന്നു. മൂന്നു മാസമെടുത്താണ് ഫ്രെയിം നിർമിച്ചതെന്ന് അഹ്മദ് ബദ്‌റിന്റെ പുത്രൻ ഫാരിസ് അഹ്മദ് ബദ്ർ പറഞ്ഞു. രണ്ടു തവണയും 50 കിലോ വെള്ളി വീതം ഉപയോഗിച്ചാണ് ഫ്രെയിം നിർമിച്ചത്. ഫ്രെയിം നിർമാണത്തിനുള്ള പ്രത്യേക കല്ലച്ചുണ്ട്. മക്കയിലെ ഫാക്ടറിയിൽ ഈ കല്ലച്ച് തങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 
പലരും ധരിക്കുന്നതു പോലെ ഹജറുൽ അസ്‌വദ് ഒറ്റക്കല്ലല്ല. ഏഴു ചെറുകല്ലുകളാണിവ. ഉയർന്ന ചൂടിൽ ഉരുകുന്ന പശയിൽ ഇവ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇടക്കിടക്ക് ഇതിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്ന് ഫാരിസ് ബദ്ർ പറഞ്ഞു.
 

Latest News