ദുബായ്- ഇംഗ്ലീഷ് പഠിച്ചാല്‍ ഇങ്ങനെയൊക്കെയാകുമോ? ദുബായില്‍ ഹെല്‍പര്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാന് യുവാവ് ഹസീബുര്‍റഹ്മാന്റെ ജീവിതത്തെ ഇംഗ്ലീഷ് മാറ്റിമറിക്കുക തന്നെ ചെയ്തു.
ഒരു സാധാരണ തൊഴിലാളിയായ ഹസീബ് ഇംഗ്ലീഷ് പഠിക്കാന്‍ തീരുമാനിച്ചതോടെ തലവര മാറുകയായിരുന്നു. മേലുദ്യോഗസ്ഥരുമായി ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ അദ്ദേഹം ശേഷി കൈവരിച്ചു. ഇതോടെ ഹസീബിന്റെ ശമ്പളം മൂന്നിരട്ടിയാക്കി. പ്രമോഷനും കിട്ടി.
ദുബായ് കേന്ദ്രമായുള്ള സൗജന്യ ഇംഗ്ലീഷ് പഠന കേന്ദ്രമായ സ്മാര്‍ട്ട് ലൈഫ് ആണ് ഹസീബിന് തുണയായത്. ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കാണ് ഇവര്‍ ഭാഷാ പരിശീലനം നല്‍കുന്നത്. അവിടെ വാരാന്ത്യ കോഴ്‌സില്‍ പങ്കെടുത്ത ഹസീബ് ഭാഷ മെച്ചപ്പെടുത്തുകയായിരുന്നു.
ഈ വര്‍ഷത്തെ മികച്ച തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ഹസീബിന് പുരസ്കാരം നല്‍കിയത് സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍. വലിയ ബിസിനസുകാരും സംരംഭകരും പ്രൊഫഷണലുകളുടങ്ങുന്ന വേദിയില്‍ ഒരാളായി ഹസീബും ഇരുന്നു.
2017 നവംബറിലാണ് ഹസീബ് ഫീല്‍ഡ് ഹെല്‍പര്‍ തസ്തികയില്‍ ദുബായില്‍ ജോലിക്കെത്തിയത്. ഇംഗ്ലീഷ് പഠിക്കുന്നത് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഹസീബിന് വേഗം മനസ്സിലായി. കമ്പനിയില്‍ സ്മാര്‍ട്ട് ലൈഫ് പ്രതിനിധികള്‍ എത്തിയതും ഭാഗ്യനിമിഷത്തില്‍. കോഴ്‌സിന് ചേരാന്‍ ഹസീബ് തെല്ലും ആലോചിച്ചില്ല. അങ്ങനെ ഇംഗ്ലീഷിലൂടെ ഹസീബ് അംഗീകാരത്തിന്റെ നെറുകയിലെത്തി.






