വടകര- വടകരയിലെ പോരാട്ടത്തിന് ശക്തിയേറുന്നതിനിടെ രാഷ്ട്രീയപാർട്ടികളുടെ നെഞ്ചിടിപ്പും ഏറുകയാണ്. ഇവിടെ വ്യാപക കള്ളവോട്ട് നടക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ ഭയക്കുന്നു. നാൾക്കുനാൾ കഴിയുമ്പോൾ പോരാട്ടം മുറുകുമ്പോൾ കള്ളവോട്ടിനെയാണ് നേതാക്കളും അണികളും ഭയക്കുന്നത്. കാലങ്ങളായി നടന്ന തെരഞ്ഞെടുപ്പ് ചരിത്രം നൽകുന്ന സൂചനയും മറ്റൊന്നല്ല. ആർക്കും നിഷേധിക്കാൻ പറ്റാത്ത അപ്രിയ സത്യമാണിത്.
എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജനും യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും ഒപ്പത്തിനൊപ്പം പ്രചാരണ രംഗത്ത് മുന്നേറുമ്പോൾ ആരു വിജയിക്കുമെന്നത് പ്രവചനാതീതമാണ്. ഇവിടെ ബി.ജെ.പിയാകട്ടെ വിജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും വോട്ടു നില ഒരു ലക്ഷമെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. അതതു പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ കള്ളവോട്ടുകൾ രേഖപ്പെടുത്തുക എന്നത് പുതുമയുള്ള കാര്യമല്ല. ഇത്തവണയും അത് തുടരുമെന്ന് രാഷ്ട്രീയ പാർട്ടികൾ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. കൂത്തുപറമ്പിലെ പഴയനിരത്ത്, കോട്ടയംപൊയിൽ, പൂക്കോട്, പാട്യം, മുതിയങ്ങ, കൂരാറ, മൊകേരി ഭാഗങ്ങളിലും തലശേരി മണ്ഡലത്തിലെ പന്ന്യന്നൂർ, ചമ്പാട്, മൂഴിക്കര, എരഞ്ഞോളി, കതിരൂർ മേഖലകളിലും വ്യാപകമായി കളളവോട്ടുകൾ നടക്കുമെന്ന ആശങ്കയാണ് യു.ഡി.എഫും ഒപ്പം ബി.ജെ.പിയും പങ്കുവെക്കുന്നത്. എൽ.ഡി.എഫാകട്ടെ ബി.ജെപിയുടെ ശക്തികേന്ദ്രങ്ങളായ ചെറുവാഞ്ചേരി, കുന്നോത്ത് പറമ്പ്, പാറാട് എന്നിവിടങ്ങളിലും യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ കണ്ണവം കേളകം, കുറ്റിയാടി, പേരാമ്പ്ര എന്നിവിടങ്ങളിലും കള്ളവോട്ട് നടന്നേക്കാമെന്ന് ഭയക്കുന്നുണ്ട്.കഴിഞ്ഞ കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇത്തരം സ്വാധീനകേന്ദ്രങ്ങളിൽ കളളവോട്ടുകൾ വ്യാപകമായി നടന്നിട്ടുണ്ടെങ്കിലും അനിഷ്ട സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നില്ല.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നു അക്രമ സംഭവങ്ങൾ പുറത്തു വന്നിരുന്നു. കളളവോട്ടുകൾ തടയുമെന്ന് പതിവു പല്ലവി ഇക്കുറിയും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അവകാശവാദം ഉന്നയിക്കും. അനിഷ്ട സംഭവങ്ങൾ മുൻപു റിപ്പോർട്ടു ചെയ്ത ബൂത്തുകളിൽ ക്യാമറയും സ്ഥാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം സംഘർഷം നടന്ന ബൂത്തുകളാണ് പോലീസിന്റെ കണ്ണിൽ ഇന്നും ഏതു തെരഞ്ഞെടുപ്പു വന്നാലും പ്രശ്‌നബാധിത ബൂത്തുകൾ. എന്നാൽ പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകൾ ശാന്തമാണെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അവിടെയാണ് കൂടുതൽ കള്ളവോട്ടുകൾ നടക്കുക. എതിർ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിയുടെ ഏജന്റ് പോലും ഇത്തരം ബൂത്തുകളിലിരിക്കാറില്ല. ഇരുന്നവരെ അടിച്ചോടിച്ച ചരിത്രവും ഇവിടെ പുതുമയല്ല.തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേന്ദ്രങ്ങളിൽ ബൂത്തുപിടുത്തവും കളളവോട്ടും നടക്കാറുണ്ടെങ്കിലും മറ്റു തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യ രീതിയിൽ തന്നെയാണ് ബി.ജെ.പി നേതൃത്വം വോട്ടെടുപ്പിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഈ തെരഞ്ഞെടുപ്പിലും പ്രശ്‌നബാധിത ബൂത്തുകളായി പഴയ ബൂത്തുകൾ മാത്രമാണ് പോലീസ് സ്റ്റേഷനുകളിലുളളതെന്ന് രേഖകൾ പറയുന്നു.
അതിനാൽ തന്നെ വടകരയിൽ കളളവോട്ടുകൾ ഇക്കുറിയും വീഴും. വടകരയിൽ വീഴുന്ന ഓരോ വോട്ടിനും സത്യസന്ധത ഇല്ലെങ്കിൽ വാഴേണ്ടവർ വീഴുകയും വീഴേണ്ടവർ വാഴുകയും ചെയ്യും. ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നത് വരെ കള്ളവോട്ടെന്ന ആരോപണം മുന്നണികൾ തുടർന്നു കൊണ്ടേയിരിക്കും. കൈയൂക്കുള്ളവൻ കാര്യക്കാരനെന്ന മട്ടിൽ കാര്യങ്ങൾ പോകുമ്പോൾ ജനാധിപത്യത്തിന്റെ കടക്കലാണ് കത്തിവെക്കുന്നതെന്ന ചിന്ത ഇത്തരക്കാർക്ക് ലവലേശം പോലുമില്ല. എല്ലാം ഇവിടുത്തെ പതിവ് കാഴ്ച തന്നെയാണ് ഇവിടെ വോട്ടർമാർക്കും.