ലണ്ടന്‍- ഇന്ത്യക്കാരുടെ പാന്‍മസാല പ്രേമം ലോകത്ത് എല്ലാര്‍ക്കും അറിയാം. ഇന്ത്യയിലായാലും വിദേശത്തായാലും അതിനുള്ള തെളിവുകള്‍ ബാക്കിവച്ചെ ഇന്ത്യക്കാര്‍ മുറിക്കുത്തുപ്പൂ. തെരുവുകളിലും മതിലുകളിലും മൂലകളിലുമെല്ലാം ചുവപ്പു നിറം തുപ്പി ഡെക്കറേഷന്‍ ചെയ്തു വച്ചിട്ടുണ്ടാകും. ഇന്ത്യക്കാര്‍ക്കു തന്നെ ഇഷ്ടമില്ലാത്ത ഈ ശീലം വിദേശികള്‍ വച്ചു പൊറുപ്പിക്കുമോ. ബ്രിട്ടനിലെ ലസ്റ്റര്‍ നഗര സഭയാണ് ഈ ഏര്‍പ്പാടിനെതിരെ നടപടി കടുപ്പിച്ചിരിക്കുന്നത്. തെരുവില്‍ പാന്‍ മുറുക്കിത്തുപ്പിയാല്‍ 150 പൗണ്ട് സ്റ്റേര്‍ലിങ് (13,500 രൂപ) വരെ പിഴയടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തി വംശജര്‍ ഏറെയുള്ള നഗരമാണ് ലെസ്റ്റര്‍. അതു കൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷയ്ക്കു പുറമെ ഗുജറാത്തിയിലും ഈ മുന്നറിയിപ്പ് എഴുതിയ ബോര്‍ഡുകള്‍ നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചിരിക്കുകയാണ്. തെരുവില്‍ പാന്‍ തുപ്പുന്നത് വൃത്തികേടും സാമൂഹ്യ വിരുദ്ധവുമാണെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ തുപ്പല്‍ പ്രശ്‌നം ഒഴിവാക്കാന്‍ 2016ല്‍ ലെസ്റ്റര്‍ നഗരസഭ ഒരു നിയമം തന്നെ കൊണ്ടു വന്നിരുന്നു. അതും ഫലപ്രദമായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ലണ്ടന്‍ നഗരസഭയും പാന്‍ മുറുക്കിത്തുപ്പുന്നവര്‍ക്ക് 80 പൗണ്ട് പിഴയിടുന്ന നിയമം നടപ്പാക്കിയിരുന്നു.






