ബി.ജെ.പിക്ക് ആശങ്കയായി 47 സീറ്റുകൾ

ഇത്തവണ മോഡി തരംഗം ഇല്ലാതിരിക്കേ ബാലാകോട് ആക്രമണത്തിന്റെ പേരിൽ ദേശവികാരമുയർത്തി വോട്ട് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചയായ വർഗീയതയും പ്രസംഗിക്കുന്നു. 

ദൽഹിയിലേക്കുള്ള വഴി ഉത്തർപ്രദേശിലൂടെയാണെന്ന് പറയാറുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റിൽ എഴുപത്തിമൂന്നും തൂത്തുവാരിയാണ് എൻ.ഡി.എ കേന്ദ്രത്തിൽ അധികാരം പിടിച്ചത്. ഇത്തവണ എസ്.പി-ബി.എസ്.പി അവർക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷമുള്ള 47 മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. ബാക്കി മണ്ഡലങ്ങളിലും മുസ്‌ലിം-യാദവ്-ദളിത് ഭൂരുപക്ഷം 40 ശതമാനത്തിലേറെയാണ്. 
ഉത്തർപ്രദേശിലും ബിഹാറിലും ജാതിയാണ് തെരഞ്ഞെടുപ്പിലെ നിർണായക ഘടകം. 2011 ലെ കാനേഷുമാരി അനുസരിച്ച് യു.പിയിൽ 19 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. 21 ശതമാനത്തിലേറെയാണ് ദളിതുകൾ. 9-10 ശതമാനം യാദവ വിഭാഗക്കാർ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബി.എസ്.പിയാണ് ദളിത് വോട്ടുകൾ സ്വന്തമാക്കുന്നത്. മുസ്‌ലിം, യാദവ വോട്ടുകൾ കിട്ടുന്നത് എസ്.പിക്കും. 2014 ൽ ഈ വോട്ടുകൾ ഭിന്നിച്ചത് ബി.ജെ.പിക്ക് വലിയ ഗുണം ചെയ്തു.
80 ലോക്‌സഭാ സീറ്റുകളിൽ അറുപത് ശതമാനത്തിലേറെയാണ് മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം. അഖിലേഷ് യാദവ് മത്സരിക്കുന്ന അസംഗഢിലാണ് ഏറ്റവും വലിയ മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം-68.3 ശതമാനം. 37 മണ്ഡലങ്ങളിൽ 50-60 ശതമാനത്തിനിടയിലാണ് മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം. രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തി, സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, മുലായം സിംഗ് ജനവിധി തേടുന്ന മയ്ൻപുരി എന്നിവ ഇതിൽ പെടും. മയ്ൻപുരിയിൽ 57.2 ശതമാനമാണ് മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വരാണസിയുൾപ്പെടെ അവശേഷിച്ച മണ്ഡലങ്ങളിൽ 40-50 ശതമാനം മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷമുണ്ട്. 
കഴിഞ്ഞ തവണ ബി.ജെ.പി 71 സീറ്റും സഖ്യകക്ഷിയായ അപ്‌നാദൾ രണ്ട് സീറ്റും നേടി, മൂന്നു പതിറ്റാണ്ടിനിടയിൽ യു.പിയിൽ ഒരു മുന്നണി നേടുന്ന ഏറ്റവും വലിയ ആധിപത്യമായിരുന്നു അത്. എന്നിട്ടു പോലും ബി.എസ്.പി 20 ശതമാനവും എസ്.പി 22.5 ശതമാനവും വോട്ട് കരസ്ഥമാക്കി. മൊത്തം 42.5 ശതമാനം. ഇത്രയും വോട്ടാണ് എൻ.ഡി.എക്കും കിട്ടിയത്. 2014 ൽ എസ്.പി-ബി.എസ്.പി സഖ്യമുണ്ടായിരുന്നുവെങ്കിൽ മുന്നണിക്ക് 41 സീറ്റ് കിട്ടുമായിരുന്നു. മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം 60 ശതമാനത്തിൽ കുടുതലുള്ള എല്ലാ മണ്ഡലങ്ങളും ഇതിൽപെടും. മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം 50-60 ശതമാനത്തിലേറെയുള്ള മണ്ഡലങ്ങളിൽ 21 എണ്ണം ബി.എസ്.പി-എസ്.പി സഖ്യം നേടുമായിരുന്നു, ബി.ജെ.പിക്ക് പതിനാലെണ്ണമേ കിട്ടുമായിരുന്നുള്ളൂ. മുസ്‌ലിം-യാദവ്-ദളിത് ഭൂരിപക്ഷം 40-50 ശതമാനത്തിൽ താഴെയുള്ള മണ്ഡലങ്ങളിൽ മാത്രമാണ് ബി.ജെ.പിക്ക് ആധിപത്യം നിലനിർത്താനാവുക. 
ഇത്തവണ മോഡി തരംഗം ഇല്ലാതിരിക്കേ ബാലാകോട് ആക്രമണത്തിന്റെ പേരിൽ ദേശവികാരമുയർത്തി വോട്ട് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചയായ വർഗീയതയും പ്രസംഗിക്കുന്നു. നിങ്ങൾക്ക് അലിയുണ്ടെങ്കിൽ ഞങ്ങൾക്ക് ബജ്‌റംഗ് ബലിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം മീററ്റിൽ അദ്ദേഹം പ്രസംഗിച്ചത്. ബി.ജെ.പിയുടെ ദേശീയ, വർഗീയ വികാരവും എസ്.പി-ബി.എസ്.പിയുടെ ജാതി സമവാക്യവും തമ്മിലുള്ള പോരാട്ടമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ഇതിൽ കോൺഗ്രസ് ആരുടെ വോട്ടാണ് പിടിക്കുക. അതാണ് പ്രധാന ചോദ്യം. ബി.ജെ.പിയുടെ ഉന്നത ജാതി വോട്ടോ എസ്.പിയുടെ മുസ്‌ലിം വോട്ടോ?
 

Latest News