ദുബായ്- റണ്‍വേ വികസനം നടക്കുന്നതിനാല്‍ ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചിടുന്നതിനാല്‍ ഈ മാസം 16 മുതല്‍ മേയ് 30 വരെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദുബായില്‍നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന വിമാനങ്ങള്‍ ഷാര്‍ജയില്‍നിന്നാണ് ഈ കാലയളവില്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല.
അതേസമയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാന സര്‍വീസ് ദുബായ് ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള(ഡബ്ല്യുസി) ത്തില്‍നിന്നായിരിക്കും സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ഈ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന ടാക്‌സി നിരക്കില്‍ ദുബായ് ടാക്‌സി കോര്‍പറേഷന്‍ 75 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അഞ്ച് ദിര്‍ഹം മുതലാണ് ടാക്‌സി നിരക്ക് ആരംഭിക്കുക.






