മോഡി വീണ്ടും ജയിച്ചാല്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് നല്ല സാധ്യതയെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്- ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേത്തിയാല്‍ സമാധാന ചര്‍ച്ചയ്ക്ക് നല്ല സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. പ്രതിപക്ഷമായ കോണ്‍ഗ്രസാണ് അധികാരത്തിലെത്തുന്നതെങ്കില്‍, വലതുപക്ഷത്തിന്റെ തിരിച്ചടി ഭയന്ന് കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു പ്രശ്‌നപരിഹാരത്തിലെത്താന്‍ അവര്‍ക്ക് ആയേക്കില്ല. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ ഒരു പക്ഷെ കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരത്തിലെത്തിയേക്കാം- വിദേശമാധ്യമങ്ങളുമായി സംവദിക്കുന്നതനിടെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. മുസ്ലിമായതിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്. മോഡിയും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ പോലെ ഭയവും ദേശീയ വികാരവും ഇളക്കിവിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇംറാന്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിവരുന്ന പ്രത്യേക അധികാരം എടുത്തുമാറ്റുമെന്ന ബിജെപിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു പ്രചാരണത്തിനാണെങ്കിലും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News