റിയാദ് - കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കിഴക്കൻ പ്രവിശ്യയിലെ അബൂഹദ്‌രിയ റോഡിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞതായി ദേശീയ സുരക്ഷാ ഏജൻസി വക്താവ് ബസ്സാം അതിയ്യ അറിയിച്ചു. ഭീകരാക്രമണം നടത്തുന്നതിന് അബൂഹദ്‌രിയ റോഡ് ലക്ഷ്യമാക്കി കാറിൽ നീങ്ങിയ ഭീകരരെ സുരക്ഷാ വകുപ്പുകൾ കണ്ടെത്തുകയായിരുന്നു. ഭീകരാക്രമണം നടത്തുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും സംഘം പൂർത്തിയാക്കിയിരുന്നു.
സുരക്ഷാ സൈനികർ തടഞ്ഞ് കീഴടങ്ങുന്നതിന് ആവശ്യപ്പെട്ടതോടെ ഭീകരർ സുരക്ഷാ ഭടന്മാർക്കു നേരെ നിറയൊഴിക്കാൻ തുടങ്ങി. സുരക്ഷാ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ സഞ്ചരിച്ച കാറിന്റെ ടയറുകൾ പഞ്ചറായി. ഇതോടെ സമീപത്തുള്ള പെട്രോൾ ബങ്കിലേക്ക് ഓടിക്കയറിയ ഭീകരർ കൈബോംബ് വലിച്ചെറിഞ്ഞു. ബോംബ് സ്‌ഫോടനത്തിൽ പെട്രോൾ ബങ്കിൽ ഭാഗികമായി അഗ്നിബാധയുണ്ടായി. സുരക്ഷാ സൈനികരുടെ പിടിയിലകപ്പെടാതെ രക്ഷപ്പെടാൻ ശ്രമിച്ചാണ് സംഘം പെട്രോൾ ബങ്കിൽ ബോംബാക്രമണം നടത്തിയത്. ഇതിനിടെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരർ ഇന്ധന ടാങ്കർ തട്ടിയെടുത്തു. രണ്ടു കിലോമീറ്റർ ദൂരം പിന്നിട്ടതോടെ ഈ ടാങ്കറിന്റെ ടയറുകൾ സുരക്ഷാ സൈനികർ വെടിവെച്ചു പഞ്ചറാക്കി.
സുരക്ഷാ സൈനികർ നടത്തിയ ഓപറേഷനിൽ രണ്ടു ഭീകരർ കൊല്ലപ്പെടുകയും രണ്ടു പേർ അറസ്റ്റിലാവുകയും ചെയ്തു. രണ്ടര വർഷം മുമ്പ് ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയ സൗദി പൗരൻ മാജിദ് അലി അബ്ദുറഹീം അൽഫറജ്, ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവന്ന മഹ്മൂദ് അഹ്മദ് അലി ആലുസറഅ് എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ അറസ്റ്റിലായ ഭീകരരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ല. സുരക്ഷാ ഭടന്മാർക്കും സൗദി പൗരന്മാർക്കും വിദേശികൾക്കും നേരെ വെടിവെപ്പ് നടത്തൽ, പൊതുമുതലുകൾക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തൽ, പൊതുജന ജീവിതം തടസ്സപ്പെടുത്തൽ, മോഷണം, കൊള്ള, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, മയക്കുമരുന്ന് കടത്ത്, മയക്കുമരുന്ന് വിതരണം എന്നിവ അടക്കം ഖത്തീഫിൽ ഭീകരാക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും പങ്കുള്ളവരാണ് നാലു പേരും.
പെട്രോൾ ബങ്കിൽ വെച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ ബഹ്‌റൈനി വനിതക്ക് പരിക്കേറ്റു.
പെട്രോൾ ബങ്കിൽ വാഹനം നിർത്തിയപ്പോഴാണ് കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ബഹ്‌റൈനി വനിതക്ക് പരിക്കേറ്റത്. ഭീകരരുടെ ആക്രമണത്തിൽ ഇന്ധന ടാങ്കർ ഡ്രൈവറായ പാക്കിസ്ഥാനിക്കും രണ്ടു സുരക്ഷാ സൈനികർക്കും പരിക്കേറ്റു.
ഭീകരർ സഞ്ചരിച്ച കാറിനകത്ത് ഒരു യന്ത്രത്തോക്കും രണ്ടു കൈത്തോക്കുകളും യന്ത്രത്തോക്കുകളുടെ ഏഴു കാട്രിഡ്ജുകളും കൈത്തോക്കിന്റെ ഒരു കാട്രിഡ്ജും ഉഗ്രശേഷിയുള്ള രണ്ടു ബോംബുകളും ഭീകരൻ മാജിദ് അലി അൽഫറജിന്റെ ഫോട്ടോ പതിച്ച വ്യാജ ബഹ്‌റൈനി തിരിച്ചറിയൽ കാർഡും 66,178 റിയാലും യന്ത്രത്തോക്കിൽ ഉപയോഗിക്കുന്ന 126 വെടിയുണ്ടകളും കൈത്തോക്കിൽ ഉപയോഗിക്കുന്ന 15 വെടിയുണ്ടകളും കണ്ടെത്തിയതായും ദേശീയ സുരക്ഷാ ഏജൻസി വക്താവ് അറിയിച്ചു.
ഭീകരരെ അറസ്റ്റ് ചെയ്യുന്നതിനും ഭീകരാക്രമണ പദ്ധതികൾ പരാജയപ്പെടുത്തുന്നതിനും ഭീകരരെ നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുന്നതിനും സർവശക്തിയോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടു പോകും. ഭീകരർ സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ എത്രയും വേഗം കീഴടങ്ങണം. ഭീകരരുമായി സഹകരിക്കുന്നവർ കണക്ക് പറയേണ്ടിവരും. ഭീകരരെ കുറിച്ച് വല്ല വിവരങ്ങളും അറിയുന്നവർ 990 എന്ന നമ്പറിൽ ബന്ധപ്പെട്ടോ ഏറ്റവും അടുത്ത സുരക്ഷാ കേന്ദ്രങ്ങളെ സമീപിച്ചോ വിവരമറിയിക്കണമെന്ന് ദേശീയ സുരക്ഷാ ഏജൻസി ആവശ്യപ്പെട്ടു.






