റിയാദ് - അസീർ പ്രവിശ്യയിൽ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ഹൂത്തി മിലീഷ്യകളുടെ ശ്രമം. ഞായറാഴ്ച രാത്രി 8.50 ന് ആണ് അസീർ ലക്ഷ്യമാക്കി നീങ്ങുന്ന ഹൂത്തികളുടെ ഡ്രോൺ സൗദി സൈന്യത്തിന്റെ ശ്രദ്ധയിൽപെട്ടതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഉടൻതന്നെ സൈന്യം ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. തകർന്ന ഡ്രോൺ ഭാഗങ്ങൾ പതിച്ച് ആർക്കെങ്കിലും പരിക്കോ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
സൗദിയിലെ ജനവാസ കേന്ദ്രങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതിന് ഹൂത്തികൾ ശ്രമം തുടരുകയാണ്. സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ചും ഹൂത്തികൾ ആവർത്തിച്ച് ആക്രമണങ്ങൾക്ക് ശ്രമിക്കുന്നു. അൽഹുദൈദ കേന്ദ്രീകരിച്ചാണ് ഇത്തരം ഭീകരാക്രമണങ്ങൾ ഹൂത്തികൾ നടത്തുന്നത്. സ്റ്റോക്ക്ഹോം സമാധാന കരാർ പാലിച്ച് അൽഹുദൈദയിൽ സഖ്യസേന വെടിനിർത്തൽ പാലിക്കുന്നുണ്ട്. അൽഹുദൈദയിൽ സൈനികാക്രമണം നടത്തുന്നതിന് സഖ്യസേനയെ പ്രകോപിപ്പിക്കുന്നതിനാണ് ഇത്തരം ഭീകരാക്രമണങ്ങളിലൂടെ ഹൂത്തികൾ ശ്രമിക്കുന്നത്.
യെമനിലേക്കുള്ള പ്രത്യേക യു.എൻ ദൂതനും സ്റ്റോക്ക്ഹോം കരാർ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ അധ്യക്ഷനും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് സഖ്യസേന പ്രതിജ്ഞാബദ്ധമാണ്. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിനും ചാവേറാക്രമണങ്ങൾ നടത്തുന്നതിനുമെതിരെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾക്ക് സഖ്യസേന താക്കീത് നൽകുകയാണ്. ഇത്തരം ആക്രമണങ്ങൾ ശക്തമായി ചെറുക്കുമെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.






