കണ്ണൂർ ബസാർ

മൈക്കിൾ വുഡിന്റെ 'ദ സ്റ്റോറി ഓഫ് ഇന്ത്യ' എന്ന പുസ്തകം ആരംഭിക്കുന്നത് കേരളത്തിന്റെ തീരങ്ങളിൽ നിന്നാണ്. കേരളത്തിന്റെ തീരങ്ങൾ മനുഷ്യ വംശത്തിന്റെ അനന്തമായ സഞ്ചാരപഥത്തിലെ വലിയൊരു ഇടത്താവളമായിരുന്നുവെന്ന് വുഡ് സമർഥിക്കുന്നു. ആഫ്രിക്കയുടെ മുനമ്പിൽ ജന്മം കൊണ്ട മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ്, ഭാഷകൾ പോലും ഉടലെടുക്കുന്നതിന് മുമ്പ് ആന്തമാനിലേക്കും ഇന്തോനേഷ്യയിലേക്കും ഓസ്ട്രലേഷ്യയിലേക്കും സഞ്ചരിച്ചെത്തിയത് ഈ തീരങ്ങളിൽ കൂടിയായിരുന്നു. ചരിത്രത്തിന്റെ വഴികളിൽ അങ്ങളോമിങ്ങോളം ഈ സുന്ദരമായ തീരവും സുഖശീതളമായ കാലാവസ്ഥയും യാത്രികരുടെ ഇടത്താവളമായി. ഗ്രീസിലെ ഹിപ്പലോകൾ, ചൈനീസ് അഡ്മിറൽ ഷെംഗ് ഹെ, പോർചുഗീസ് നാവികൻ വാസ്‌കോഡഗാമ, സുഗന്ധദ്രവ്യം തേടിയെത്തിയ ഗ്രീക്ക്, റോമൻ കച്ചവടക്കാർ, ഗൾഫ് മേഖലയിൽനിന്ന് മുസ്‌ലിം അറബ് വ്യാപാരികൾ, ചരിത്രാന്വേഷിയായി മൊറോക്കോയിൽനിന്ന് ഇബ്‌നുബത്തൂത്ത.. ആഴികൾക്കപ്പുറത്തുള്ള അനവധിയവധി സംസ്‌കാരങ്ങൾ ഈ തീരങ്ങളിൽ സംഗമിച്ചു. അലകളലകളായി വന്ന ജനതകൾ, സംസ്‌കാരങ്ങൾ, വിശ്വാസങ്ങൾ.. ഇന്ത്യയെ ഇന്നത്തെ ഇന്ത്യയായി പരിവർത്തിപ്പിക്കുന്നതിൽ ഈ തീരങ്ങൾ വഹിച്ച പങ്ക് സുപ്രധാനമാണ്.  ആയിക്കരക്കടപ്പുറത്തെ കാറ്റിന് മത്സ്യഗന്ധമായിരിക്കാം. അതിവിദൂരമല്ലാത്ത ഭൂതകാലത്ത് ഈ മലബാർ തീരത്തെ കാറ്റിന്റെ സുഗന്ധമാണ് ലോകമെങ്ങുമുള്ള നാവികരെ ഭ്രമിപ്പിച്ചത്. മലബാറിന്റെ സുഗന്ധദ്രവ്യങ്ങളില്ലാതെ ലോകത്തിന്റെ നാവികചരിത്രം പൂർത്തിയാവില്ല. ഈ തീരങ്ങൾ കണ്ടെത്താനാണ് അതിസാഹസികരമായ നാവികർ പുതിയ കടൽപാതകൾ തേടിയത്. ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ് ചുറ്റി യൂറോപ്പിൽനിന്ന് ഏഷ്യയിലേക്ക് വഴി കണ്ടെത്തിയത് നാവികചരിത്രത്തിലെ വഴിത്തിരിവായി. ആ സാഹസികർ തേടിയത് മലബാറിന്റെ തീരങ്ങളായിരുന്നു എന്ന് ജോൺ കീ 'ദ സ്‌പൈസ് റൂട്ട്' എന്ന ഗ്രന്ഥത്തിൽ പറയുന്നു. 
നമ്മുടെ സൂപ്പർമാർക്കറ്റ് റാക്കുകളിൽ ഏറ്റവുമവസാനം മാത്രം വീട്ടമ്മമാർ നോട്ടമിടുന്ന കുരുമുളകും ഏലവുമൊക്കെയാണ് ഒരുകാലത്ത് ചരിത്രത്തിന്റെ ഗതി നിർണയിച്ചത്. മാർക്കോപോളൊ പറയുന്നതു ശരിയാണെങ്കിൽ, പതിനാറാം നൂറ്റാണ്ടിൽ പോർചുഗീസ് സുഗന്ധദ്രവ്യ ഇറക്കുമതിയുടെ 80 ശതമാനം മലബാർ തുറമുഖങ്ങളിൽ നിന്നുള്ള കുരുമുളകായിരുന്നു. പോർചുഗീസ് കോളനിവാഴ്ചക്കാർക്കെതിരെ കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിൽ മലബാർ നടത്തിയ ധീരമായ ചെറുത്തുനിൽപുകൾ, ഇന്ന് ദേശാഭിമാനത്തിന്റെ കുത്തക അവകാശപ്പെടുന്നവർ സൗകര്യപൂർവം മറക്കാൻ ശ്രമിക്കുന്ന ചരിത്രസന്ധിയാണ്. പോർചുഗീസുകാരും കുഞ്ഞാലി മരക്കാരും തമ്മിലുള്ള പോരാട്ടങ്ങൾ കണ്ണൂരിലെ മാപ്പിളക്കച്ചവടക്കാർക്ക് സഹായകമാവുകയാണുണ്ടായത്. മാലദ്വീപും ലക്ഷദ്വീപുമായി ബന്ധം സ്ഥാപിച്ച കണ്ണൂരിലെ മമ്മാലി മരക്കാർ മേഖലയിലെ നാവിക വാണിഭത്തിന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന് 'ലോഡ്‌സ് ഓഫ് ദ സീ: ആലി രാജാസ് ഓഫ് കാനന്നൂർ' എന്ന പുസ്തകത്തിൽ ബിനു ജോൺ പറയുന്നു. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം അർധപാദത്തിൽ അറക്കൽ ആലി രാജയുടെ അധികാരാരോഹണം ഈ നാവിക വാണിഭത്തിനു കരുത്തേകി. കണ്ണൂരും സമീപത്തെ മാപ്പിള കേന്ദ്രങ്ങളായ കുമ്പളയും നീലേശ്വരവും മാടായിയും ധർമപട്ടണവും വളപട്ടണവും ചേർന്ന് പുതിയ തുറമുഖ കേന്ദ്രമായി, കോഴിക്കോടിനും കൊച്ചിക്കും വെല്ലുവിളിയായി കണ്ണൂർ വളർന്നു. 
ഈ പശ്ചാത്തലത്തിലാണ് പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരുടെ രംഗപ്രവേശം. കണ്ണൂർ കോട്ടയിൽ ഇന്നും രണ്ടു പീരങ്കികൾ  അറക്കൽ കെട്ടിലേക്ക് ചൂണ്ടിനിൽക്കുന്നുണ്ട്. വേണ്ടിവന്നാൽ ഭസ്മമാക്കിക്കളയുമെന്ന ലന്തക്കാരുടെ ഭീഷണിയാണ് അതെന്ന് കെ. ബാലകൃഷ്ണൻ 'കണ്ണൂർ കോട്ട' എന്ന പുസ്തകത്തിൽ പറയുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ണൂർ ബസാർ രണ്ട് മേഖലയായിരുന്നു. ഒന്ന്, സെയ്ന്റ് എയ്ഞ്ചലൊ കോട്ട കേന്ദ്രീകരിച്ച്. തുറമുഖത്ത് യൂറോപ്യൻ താൽപര്യം സംരക്ഷിച്ചിരുന്നത് ഈ കേന്ദ്രം വഴിയായിരുന്നു. രണ്ടാമത്തേത് മാപ്പിള ബേയോട് ചേർന്ന് മലബാർ മാപ്പിളമാരുടെ നേതൃത്വത്തിൽ. മാപ്പിള ബേയിലാണ് കപ്പലുകളും ചങ്ങാടങ്ങളും അടുത്തിരുന്നത്. കണ്ണൂർ ബസാറിനെക്കുറിച്ച് ഡച്ച് വ്യാപാരി വാൻ ലിൻഷോടൻ പറയുന്നത്, ഇവിടെ കിട്ടാത്തതായി ഒന്നുമില്ല എന്നാണ്. 'ഇന്ത്യയിലെ ഏറ്റവും മികച്ച ബസാറാണ് ഇതെന്നതിൽ ഒട്ടും സംശയമില്ല. നോർവെയിൽ ഒരിടത്തും ഇത്തരമൊരു ബസാർ കാണാനാവില്ല'. 
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇരുപതിനായിരത്തോളമായിരുന്നു ഈ തുറമുഖ നഗരത്തിലെ ജനസംഖ്യ. ഒരു ഡച്ച് ക്യാപ്റ്റൻ ബസാറിനെ ഇങ്ങനെ വിവരിക്കുന്നു: 'ആലി രാജയുടെ ബസാർ വിശാലവും മനോഹരവുമാണ്. ഈ ഭാഗത്താണ് മൂറുകളിൽ (മാപ്പിളകൾ) ഏറെയും വസിക്കുന്നത്. ബസാറിന്റെ ഒരു വശം തീരത്തോളം നീളുന്നു. മറുവശം കോട്ടക്കടുത്താണ്. ഏതു ആക്രമണവും തടയാൻ ഭിത്തികളും പടക്കോപ്പുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്'.
കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ പുറംലോകത്തെത്തിക്കുകയും കണ്ണൂരിന് ആവശ്യമായ ഉൽപന്നങ്ങൾ പുറംലോകത്തുനിന്ന് സ്വീകരിക്കുകയും ചെയ്ത് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറി ഈ ബസാർ. ജിദ്ദയുൾപ്പെടെ ചെങ്കടൽ തുറമുഖങ്ങൾ, ഗൾഫ്, സൂറത്ത്, കാനറ, മാലദ്വീപ്, ലക്ഷദ്വീപ്, സിലോൺ, കോറമണ്ടൽ, ബംഗാൾ, ഇന്തോനേഷ്യയിലെ അചെ എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാനമായും നാവിക വാണിഭം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും ജിദ്ദയിലേക്ക് കണ്ണൂരിൽനിന്ന് ചരക്കു കപ്പലുകളെത്തി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്തുള്ള ഒരു റിപ്പോർട്ടനുസരിച്ച് വർഷം രണ്ടു ലക്ഷം പൗണ്ടിന്റെ കുരുമുളകാണ് കോലത്തുനാട് ഉൽപാദിപ്പിച്ചിരന്നത്. അറക്കൽ സ്വരൂപത്തിന്റെ പ്രധാന വരുമാനമാർഗം തന്നെ നാവിക വാണിഭത്തിൽ നിന്നായിരുന്നു. കച്ചവടത്തിൽനിന്ന് കിട്ടുന്ന വ്യത്യസ്ത നാണയങ്ങൾ നാല് ഭണ്ഡാരങ്ങളിലായി സൂക്ഷിക്കുന്ന രീതി അലക്‌സാണ്ടർ ഹാമിൽടൻ വിവരിക്കുന്നത് ബിനു ജോണിന്റെ പുസ്‌കത്തിൽ വിശദീകരിക്കുന്നുണ്ട്. ഓരോ ഭണ്ഡാരത്തിനും നാലു താക്കോലുകളാണ്. ഒന്നു രാജാവിന്റെ കൈയിൽ, രണ്ടാമത്തെ കച്ചവട അധികാരിയുടെ കൈയിൽ, മൂന്നാമത്തേത് ചീഫ് ജഡ്ജിയുടെ കൈയിൽ, നാലാമത്തേത് ഖജനാവ് സൂക്ഷിപ്പുകാരന്റെ കൈയിൽ. പണം എടുക്കേണ്ടി വരുമ്പോൾ നാലു പേരുടെയും, അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്നവരുടെ സാന്നിധ്യം അനിവാര്യമായിരുന്നു.
അറക്കൽ കുടുംബത്തിൽ രാജാവിന് മാത്രമല്ല അധികാരം. അധികാരശ്രേണിയിൽ തൊട്ടുപിന്നിലായി കാരണവരുണ്ട്. കാരണവർക്ക് അദ്ദേഹത്തിന്റേതായ കപ്പൽ ശൃംഖല ഉണ്ടായിരുന്നു. പൊതുവെ രാജാവും കാരണവരും തമ്മിലുള്ള ബന്ധം സ്‌നേഹപൂർണമായിരുന്നു. കാരണവർക്കാണ് കൂടുതൽ അധികാരമെന്നാണ് കൊച്ചിയിൽനിന്ന് കച്ചവടത്തിനു വന്ന ലന്തക്കാർ കരുതിയിരുന്നത്. അക്കാലത്തെ കരാറുകളിൽ രാജാവിനൊപ്പം കാരണവരും ഒപ്പു വെച്ചിട്ടുണ്ട്. കൃഷിക്ക് സൗകര്യമില്ലാത്തതിനാൽ തുറമുഖവുമായി ബന്ധപ്പെട്ട്, തൊഴിലാളികളായും നാവികരായും കടയുടമകളായുമൊക്കെയാണ് പ്രദേശത്തുകാർ ജീവിതമാർഗം കണ്ടെത്തിയത്. കണ്ണൂർ ബസാർ മാപ്പിള സാമ്പത്തിക ശക്തിയുടെ പ്രതീകം കൂടിയായിരുന്നു. മുക്കുവന്മാരും തിയ്യന്മാരും മറ്റു കീഴ്ജാതിക്കാരും മാപ്പിളമാർക്കൊപ്പം ബസാറിൽ തൊഴിലെടുത്തു പോന്നു. ആലി രാജയുടെ നീതി നിർവഹണത്തിൽ മുസ്‌ലിം പണ്ഡിതന്മാർക്ക് പ്രത്യേകിച്ച് റോളുണ്ടായിരുന്നില്ലെന്നാണ് ബിനു ജോണിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നത്. 
ലക്ഷദ്വീപും കണ്ണൂർ സിറ്റിയുമായുള്ള ബന്ധം വലിയ പഠനമർഹിക്കുന്നതാണ്. കോലത്തിരി സ്വരൂപമാണ് അറക്കൽ രാജവംശത്തിന് ലക്ഷദ്വീപ് സമ്മാനമായി നൽകിയതെന്നാണ് ചരിത്രം. ഒട്ടും നാവിക ശേഷിയില്ലാതിരുന്ന കോലത്തിരിയുടെ കീഴിൽ എങ്ങനെ ലക്ഷദ്വീപ് വന്നുവെന്നത് ദുരൂഹമാണ്. ലക്ഷദ്വീപിലെ മുസ്‌ലിംകൾക്ക് കരയിലെ മുസ്‌ലിംകളുമായി കോലത്തിരിക്കു മുമ്പേ ബന്ധമുണ്ടായിട്ടുണ്ടാവണം എന്നാണ് കരുതുന്നത്. തന്ത്രപ്രാധാന്യമുള്ള ലക്ഷദ്വീപിനെ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ അറക്കൽ രാജവംശത്തിന് സങ്കീർണമായ സംവിധാനങ്ങൾ ഉണ്ടായിരുന്നിരിക്കണം. കൊപ്രയും കയറുമൊക്കെയായിരുന്നു അന്ന് ലക്ഷദ്വീപിലെ പ്രധാന ഉൽപന്നങ്ങൾ. കപ്പൽ ഗതാഗതത്തിന്റെ ആ കാലത്ത് കയറിന് വലിയ പ്രാധാന്യമായിരുന്നു. ബംഗാളിലും ഗൾഫിലുമായിരുന്നു പ്രധാനമായും കയർ വിറ്റിരുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കയർ വ്യാപാരത്തിൽനിന്നു മാത്രം അറക്കൽ രാജവംശത്തിന് വർഷം 60,000 രൂപ വരെ കിട്ടിയിരുന്നു എന്നാണ് കണക്ക്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ണൂരിലെ മമ്മാലി മരക്കാർക്ക് വൻ തുക മാലദ്വീപിൽനിന്ന് നികുതിയായി ലഭിച്ചിരുന്നുവെന്നതിന് രേഖകളുണ്ട്.  
ബ്രിട്ടിഷുകാർ അറക്കൽ രാജവംശത്തിനു മേൽ കോളനിവാഴ്ച അടിച്ചേൽപിച്ചതും കനത്ത സാമ്പത്തിക ബാധ്യത ചുമത്തിയതുമാണ് കണ്ണൂർ ബസാറിന്റെ തകർച്ചയിലേക്ക് നയിച്ചത്. 1908 ൽ ബ്രിട്ടിഷുകാർക്ക് ലക്ഷദ്വീപിന്റെ നിയന്ത്രണം വെറും 70,000 രൂപക്ക് അറക്കൽ രാജവംശം കൈമാറിയതോടെ ആ പതനം പൂർത്തിയായി. 
 

Latest News