നോമ്പ് തുറന്ന് നമസ്‌കാരവും നിർവഹിച്ച് പള്ളിയിൽനിന്ന് ഇറങ്ങിയതായിരുന്നു മൽബു. കിട്ടിയ ഫ്രൂട്ടും ബ്രോസ്റ്റും മുഴുവൻ കഴിച്ചതിനാൽ ഇനി ഭക്ഷണമൊന്നും ആവശ്യമില്ല. വേഗം പോയൊന്ന് കിടക്കണം. പകൽ മുഴുവൻ ഓഫീസിൽ ജോലിയായിരുന്നു. ആളുകളെ പിരിച്ചുവിട്ടതിനാൽ ജോലി ശരിക്കും ഇരട്ടിയായിട്ടുണ്ട്.
വേഗം റൂമിലെത്താൻ നടത്തത്തിനു ഇത്തിരി സ്പീഡ് കൂട്ടി. നോമ്പ് തുടങ്ങിയതിനു ശേഷം നടത്തത്തിന്റെ സ്റ്റൈൽ കുറച്ചു മാറ്റിയിട്ടുണ്ട്. രാവിലെയുള്ള മൂന്ന് റൗണ്ട് നടത്തം ഒഴിവാക്കിയത് കോംപൻസേറ്റ് ചെയ്യാനാണിത്. സാധാരണ രണ്ട് സ്റ്റെപ്പ് വെക്കുന്നിടത്ത് ഇപ്പോൾ ഒരു സ്റ്റെപ്പ് നീട്ടി വെക്കും. നീട്ടി വലിച്ചുള്ള നടത്തത്തിന്റെ സ്റ്റൈൽ കൊണ്ടാണോ എന്തോ പലരും തുറിച്ചു നോക്കുന്നുണ്ട്. പരിചയമുള്ളവരും അല്ലാത്തവരും.
പെട്ടെന്നാണ് പിറകിൽനിന്ന് ഒരു കാർ വന്നു നിർത്തിയത്. ഈ കാർ ഒരു തവണ തന്നെ കടന്നു പോയതാണല്ലോ? മൽബുവിന് എന്തോ പന്തികേട് മണത്തു.
കാറിൽ ഒരു ഹിപ്പി മാത്രമേയുള്ളൂ. നിൽക്കണോ ഓടണോ എന്നായി ചിന്ത. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് തടി സലാമത്താക്കണമെന്നാണ് ആളുകൾ ഉപദേശിക്കാറുള്ളതെങ്കിലും മൽബുവിന്റെ കാലുകൾ തളർന്നു. ഒരടി മുന്നോട്ടു നീങ്ങുന്നില്ല.
ഇതു പോലൊരു സന്ദർഭം ഇതിനു മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ട്. സകല പ്രാർഥനകളും നടത്തി ഒരുങ്ങി നിന്നപ്പോൾ ഒരിക്കലും കേൾക്കാത്ത ഒരു ആശുപത്രി എവിടെയെന്നായിരുന്നു അന്ന് നേരിട്ട ചോദ്യം.
അറിഞ്ഞൂടാ എന്നു പറഞ്ഞപ്പോൾ അയാൾ കാറോടിച്ചു പോവുകയും ചെയ്തു.
കാറിൽ കയറാൻ വിളിച്ചാൽ എന്തു പറയണം, ഇഖാമ ചോദിച്ചാൽ എന്തു പറയണം, എ.ടി.എം കാർഡ് ചോദിച്ചാൽ എന്തു പറയണം എന്നൊക്കെ ആലോചിച്ചത് അന്ന് വൃഥാവിലായിട്ടുണ്ട്.
സദീഖ്..
കാറിനകത്തുനിന്ന് ഹിപ്പിയുടെ വിളി.
നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരെണ്ണം എനിക്കും തരൂ. അഞ്ചാറ് കടകളിൽ പോയിട്ടും കിട്ടിയില്ല.
ഇടത്തെ കൈയിൽ ഒതുക്കിപ്പിടിച്ചിരുന്ന സിഗരറ്റിലേക്ക് ചൂണ്ടി അയാൾ ആവശ്യപ്പെട്ടു.
നോമ്പ് തുറന്ന് ഇറങ്ങി പൊട്ടിച്ച സിഗരറ്റ് പാക്കറ്റിൽനിന്ന് ഒന്നു മാത്രമേ എടുത്തിട്ടുള്ളൂ. പായ്ക്കറ്റ് പുറത്തെടുത്താൽ ഇയാൾ തട്ടിപ്പറിച്ചോടുമോ എന്നു മൂന്ന് തവണ ആലോചിച്ചു.
എന്താ.. ഇല്ലേ. ഇല്ലെങ്കിൽ അതെങ്കിലും തരൂ പ്രിയപ്പെട്ടവനേ..
നിസ്സഹായത പ്രകടമായിരുന്നു ആ ചോദ്യത്തിൽ.
മൽബു പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് സിഗരറ്റ് പായ്ക്കറ്റ് പുറത്തെടുത്ത് ഒരു സിഗരറ്റ് അയാൾക്കു നേരെ നീട്ടി.
സ്വർഗം കിട്ടിയതുപോലെ ആയിരുന്നു അയാൾക്ക്. ശുക്‌റൻ കൊണ്ടൊരു ആറാട്ട് നടത്തി അയാൾ വണ്ടിയോടിച്ചു പോയി.
അത്യാവശ്യക്കാരനു നൽകിയ ഏറ്റവും വലിയ ദാനമാണിത്.
വില ഇരട്ടിയാകുന്നതുകൊണ്ട് മൽബു കുറെ വാങ്ങി സ്‌റ്റോക്ക് ചെയ്തിട്ടുണ്ടാകുമല്ലേ?
കഥ കേട്ടു കഴിഞ്ഞപ്പോൾ ഹൈദ്രോസിന്റെ ചോദ്യം.
അതൊക്കെ പിന്നെ മൽബുവിനെ ആരെങ്കിലും പഠിപ്പിക്കണോ? സെലക്ടീവ് ടാക്‌സ് നടപ്പാക്കുമ്പോൾ കടക്കാർ കുറച്ചു ദിവസത്തേക്ക് സിഗരറ്റ് പൂഴ്ത്തി വെക്കുമെന്ന കാര്യം ഉറപ്പല്ലേ? നമ്മൾക്ക് വേണ്ടതൊക്കെ റൂമിൽ റെഡിയാണ്.
കടക്കാർക്കൊക്കെ വലിയ ചാകരയാണല്ലേ.. അച്ചായന്റെ ചോദ്യം.
കടക്കാർക്ക് മാത്രമല്ല, സൈഡ് ബിസിനസ് ചെയ്യുന്നവരൊക്കെ പണം സ്വരൂപിച്ച് സിഗരറ്റ് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഒറ്റയടിക്ക് ഇരട്ടിയാണല്ലോ മറിയുന്നത്: നാണിയുടെ മറുപടി. മുതലാളി അറിയാതെ കടയിലെ സെയിൽസ്മാൻമാരും മറിക്കുന്നുണ്ട്.
നാണിയും ഉണ്ടോ കൂട്ടത്തിൽ?
കള്ളച്ചിരിയിൽ എന്തോ മറച്ചുവെച്ച് നാണി വിഷയം മാറ്റി.
ഇന്നലെ രാവിലെ കടയിൽ വന്ന് ഒരാൾ വലിയ പ്രഖ്യാപനം നടത്തി.
ഇനി സിഗരറ്റ് തൊടില്ല.
രാത്രിയായപ്പോൾ ടിയാൻ ചാടിവന്നു. ഇരട്ടി വില തന്നാ രണ്ട് പായ്ക്കറ്റും വാങ്ങി പോയത്. സെലക്ടീവ് ടാക്‌സല്ലേ. അതുകൊണ്ട് ഇപ്പോൾ സെലക്ട് ചെയ്ത ആളുകൾക്കേ കൊടുക്കുന്നുള്ളൂ.
വർഷം ഒരു ആയിരം പ്രവാസികളെങ്കിലും സിഗരറ്റ് വലി ഉപേക്ഷിക്കുന്നുണ്ടാവില്ലേയെന്ന്
അച്ചായന്റെ ചോദ്യം.
വില കൂടിയതുകൊണ്ടൊന്നും ഒരാളും വലി നിർത്തില്ല. പിന്നെ വലിച്ചുമരിച്ച് വലി നിർത്തുന്ന ആയിരം പ്രവാസികളൊക്കെ എന്തായാലും കാണും.
വിദഗ്ധൻ ഹൈദ്രോസ് ചർച്ച ഉപസംഹരിച്ചു.