വോട്ടുമായത്തിന്റെ ഒരു വഴി എന്നു കൂട്ടിയാൽ മതി. മറ്റുള്ളവരുടെ വോട്ട് നമുക്ക് അനുകൂലമായി ചെയ്യുക. അതു പറ്റില്ലെന്നു വന്നാൽ ആ വോട്ട് വീഴ്ത്താതിരിക്കുക. വോട്ട് മറിച്ചതിന് രസം പകരാം. മരവിപ്പിച്ചതിനും ചെലവ് ചെയ്യാം.
താമര വിരിയും മുമ്പുണ്ടായിരുന്നു ദീപം. കത്തുന്ന ദീപം. താമര ഭാരതീയ ജനതാ പാർട്ടിക്കെന്നപോലെയായിരുന്നു ഭാരതീയ ജനസംഘത്തിന് ദീപം. നാമകരണത്തിൽ ഒതുങ്ങിനിന്നു സംസാരിച്ചാൽ, ഭാരതീയത അമ്പതുകൾ മുതലേ നിലനിന്നുവെങ്കിൽ, ജനത്തിന്റെ സംഘം ജനതയായി പരിണാമഭംഗി ആർജിച്ചു. ബി. ജെ. പി തനിച്ചോ
എൻ. ഡി. എ എന്ന ബൃഹദ്മുന്നണിയുടെ അമരത്തിരുന്നോ അധികാരമാളുമെന്ന് ആരും വിചാരിക്കാതിരുന്ന കാലത്ത് ജനസംഘം തെരഞ്ഞെടുപ്പിൽ മത്സരിച്ചു. നിലമ്പൂർ കോവിലകത്തെ തമ്പുരാനായിരുന്ന ടി. എൻ. ഭരതന്റെയും മറ്റും പേരടിച്ച പോസ്റ്ററുകൾ മലബാറിലെ ചുമരുകളിൽ അവിടവിടെ ഇടം പിടിച്ചിരുന്നു. കലാപ കലുഷിതമായ മലബാറിലെ പല സാമൂഹ്യ സംഭവങ്ങളുടെയും കാരണവും കാര്യവുമായിരുന്നു നിലമ്പൂർ കോവിലകം. എങ്ങനെ തോറ്റു കൊടുക്കാമെന്നും തോൽവി എങ്ങനെ
തന്നെ ലേശം പോലും തളർത്തില്ലെന്നും ധീരോദാത്തമായി കാണിച്ചുകൊടുക്കാൻ ഉടുത്തുകെട്ടി ഇറങ്ങിയ തമ്പുരാനായിരുന്നു ഭരതൻ. കേരളത്തിലെ ആദ്യസംഘികളിൽ മുമ്പൻ. എൺപതുകളുടെ തുടക്കത്തിൽ ഒട്ടൊക്കെ അവശനായ അദ്ദേഹത്തെ കാണാൻ പി. നാരായണനോടൊപ്പം പോയതോർക്കുന്നു. മലബാറിൽ അവിടവിടെ കണ്ടിരുന്ന ദീപത്തിന്റെ പ്രകാശം കേരളത്തിന്റെ ഇതര ഭാഗങ്ങളിൽ പടരാൻ തുടങ്ങിയിരുന്നതേയുള്ളൂ. സംഘ രാഷ്ട്രീയത്തിന്റെ വ്യാപ്തിയും പ്രവർത്തകരുടെ ആവേശവും തമ്മിലുള്ള അംശബന്ധം വിരുദ്ധാത്മകമായിരുന്നു.
പ്രതിപക്ഷത്തെ ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിച്ചിരുന്ന പലരിൽ ഒരു പാർട്ടിയായിരുന്നു ഭാരതീയ ജനസംഘം. സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന രാം മനോഹർ ലോഹ്യ, ശീപദ് അമൃത് ഡാങ്കേ, ആയില്യത്ത് കുറ്റ്യേരി ഗോപാലൻ തുടങ്ങിയവരോട് കിട പിടിച്ചില്ലെങ്കിലും ബൽരാജ് മധോക്കിനുമുണ്ടായിരുന്നു പ്രതിപക്ഷ സ്വരത്തിന് അവകാശം.
മധോക് കോളേജധ്യാപകനായിരുന്നു, ജനസംഘത്തിന്റെ ദേശീയാധ്യക്ഷനായിരുന്നു. വാജ്‌പേയിയും അദ്വാനിയും നല്ലപ്പൻ കാലത്തെത്തും മുമ്പ് അവരേക്കാൾ തലയെടുപ്പോടെ നിന്നു പ്രൊഫസർ മധോക്.
പ്രൊഫസർ മധോക് ആയിരുന്നു എന്റെ ഓർമയിൽ ആദ്യം ഫലപ്രദമായി വോട്ടു മറിക്കാനുള്ള വഴികളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച നേതാവ്. സോവിയറ്റ് യൂണിയനിൽനിന്നു കൊണ്ടുവന്ന ഒരു മന്ത്രമഷി പുരട്ടി നെഹ്‌റുവിന്റെ കാലത്തു തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു മധോക്കിന്റെ തിയറി. വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കാണുന്നത് കാണാതാക്കാനും കാണാത്തത് കാണാറാക്കാനും കഴിവുള്ള ഒരു ഗൂഢദ്രാവകം സോവിയറ്റ് യൂണിയൻ അതിന്റെ ഉപഗ്രഹമാക്കാൻ മോഹിച്ചിരുന്ന ഇന്ത്യക്കു വേണ്ടി വാറ്റിയെടുത്തിട്ടുണ്ടെന്നായിരുന്നു അന്നത്തെ ജനസംഘത്തിന്റെ ദീപപ്രകാശം.
കമ്യൂണിസ്റ്റുകാർക്ക് അമേരിക്ക നയിക്കുന്ന മറ്റുള്ളവരെയും വിരുദ്ധർക്ക് ചോപ്പൻ ബ്ലോക്കിനെയും എന്നും പേടിയും സംശയവുമായിരുന്നു. അവർ പരസ്പരം അട്ടിമറിക്കാൻ പ്രയോഗിക്കുന്ന തന്ത്രങ്ങളും മന്ത്രങ്ങളും വിവരിക്കുന്ന ഒരു തരം അത്ഭുത സാഹിത്യം തന്നെ നിലവിൽ വന്നു. ഉപഗ്രഹ രാജ്യത്തെ തെരഞ്ഞെടുപ്പിനെ ഇഷ്ടം പോലെ മാറ്റി മറിക്കാൻ ഉപയോഗിക്കാവുന്ന മന്ത്രമഷി അതിന്റെ ഒരംശം മാത്രമായിരുന്നു.
തന്റെ മകളിൽനിന്നു വ്യത്യസ്തമായി, താൻ നയിക്കുന്ന പാർട്ടിയുടെ അധികാരത്തിന് ഊനം തട്ടിയാലും ജനാധിപത്യം പുലർന്നു കാണാൻ ആഗ്രഹിച്ചിരുന്ന സർവസമ്മതനാണ് നെഹ്‌റു. അദ്ദേഹത്തിന്റെ കാലത്തും കള്ളവോട്ടും കമ്മട്ടവും വിശാലമായ രീതിയിൽ പ്രചാരത്തിലിരുന്നു എന്ന് പ്രൊഫസർ മധോക് ഹൃദയപൂർവം സമർഥിക്കാൻ നോക്കി.
ഉപഗ്രഹങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സോവിയറ്റ് യൂണിയൻ ഇറക്കിയിരുന്ന മന്ത്രമഷിയെപ്പറ്റിയും മറ്റും മധോക് പ്രസംഗം നടത്തുമ്പോൾ, പിന്നീട് ആ വഴിയേ പോയി പ്രചാരണം നടത്തിയെന്ന് പേരു കേട്ട വഌഡ്മിർ പുട്ടിൻ പിറന്നിരുന്നതേയുള്ളൂ. മുതിർന്നപ്പോൾ കെ. ജി. ബി എന്ന സോവിയറ്റ് ചാരപ്പടയിൽ ചേരുകയും സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിക്കേറുകയും ചെയ്ത പുട്ടിൻ ഇറക്കാനിരുന്ന വേലകളുടെ നാന്ദിയായിരുന്നു അതെന്ന് മധോക് അറിഞ്ഞു കാണില്ല. അമേരിക്കൻ തെരഞ്ഞെടുപ്പിൽ സമർഥമായും രഹസ്യമായും ഇടപെടുകയും തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിനെ റഷ്യയുടെ ചൊൽപടിക്ക് നിർത്തുകയും ചെയ്യുന്ന പണി, മധോക് അന്നു സംശയിച്ച അട്ടിമറിയിലേക്കുള്ള നേർവരയായിരുന്നു.
ജനസംഘം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളുടെ വ്യാപനവും ചെങ്കൊടിക്കു കീഴിൽ അണിനിരക്കുന്നവരുടെ ചുരുക്കവും അമ്പതുകൾ മുതൽ സമാന്തരമായി നടന്നുവരുന്നതായി കാണാം. രാഷ്ട്രീയ ദീപം തെളിയാൻ തുടങ്ങിയിരുന്ന കാലത്ത് ഒളിവിലും തെളിവിലുമായി വളർന്നിരുന്ന സഖാക്കൾക്കായിരുന്നു മുൻകൈ.
തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മന്ത്രങ്ങളും തന്ത്രങ്ങളും മെനയുന്നതിലും അവർ മിടുക്കരായിരുന്നു. വിപ്ലവത്തിന് അനുകൂലമല്ലാത്ത വോട്ട് വീഴാതിരിക്കാനും വിപ്ലവത്തിനുതകുന്ന വോട്ട് ഒരാളുടെ പേരിലാണെങ്കിലും പലവട്ടം രേഖപ്പെടുത്താനും വിരുത് വേണം. രണ്ടിനും ഉചിതമായ പ്രയോഗ ശാസ്ത്രവും പരിശീലകരും കാണും.
ഒരു ഉദാഹരണം പറയാം. എം. വി രാഘവൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന കാലത്തായിരുന്നു ഇരിക്കൂർ ഉപതെരഞ്ഞെടുപ്പ്. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ. കെ നായനാർ മോഹിച്ച് ദാഹിച്ച് സ്ഥാനാർഥിയായി. സഖാവിനെ ജയിപ്പിച്ചേ തീരൂ. ജയിക്കാനൊട്ട് വകുപ്പുമില്ല. ഉച്ച തിരിയുമ്പോൾ എം. വി. ആർ ഒന്നു രണ്ട് ബൂത്തിൽ കേറി ഒച്ച വെച്ചു. മുഖം മറച്ചും മറക്കാതെയും വോട്ട് കുത്താൻ കരുതിയിരുന്നവർ എല്ലാം അവരവരുടെ കുടികളിലൊതുങ്ങി. ശാസനയോടെ എ. കെ. ജി ചോദിച്ചു: 'എടാ, തോറ്റുപോവില്ലേ, വഴക്കും വക്കാണവുമായാൽ...?' എം. വി. ആർ ചിരിച്ചുകൊണ്ടു മൊഴിഞ്ഞു: 'തോൽക്കാതിരിക്കാൻ പറ്റിച്ചതാണ് അപ്പണി. വീഴാതെ പോയ വോട്ടുകളിൽ നല്ല പങ്കും നമ്മുടേതായിരുന്നില്ല.'
വോട്ടുമായത്തിന്റെ ഒരു വഴി എന്നു കൂട്ടിയാൽ മതി. മറ്റുള്ളവരുടെ വോട്ട് നമുക്ക് അനുകൂലമായി ചെയ്യുക. അതു പറ്റില്ലെന്നു വന്നാൽ ആ വോട്ട് വീഴ്ത്താതിരിക്കുക. വോട്ട് മറിച്ചതിന് രസം പകരാം. മരവിപ്പിച്ചതിനും ചെലവ് ചെയ്യാം. അതൊക്കെ പ്രബുദ്ധ കേരളത്തിൽ പരിമിതമായേ നടക്കാറുള്ളൂ. വിപ്ലവ ബോധം നുരഞ്ഞുപൊന്താതിരുന്ന
ബിഹാറിലും മറ്റും കള്ളവോട്ട് ചെയ്തിരുന്നത് എണ്ണം പറഞ്ഞുകൊണ്ടല്ല. ആയുധമേന്തിയ ഒരു സംഘം ബൂത്തിലെത്തുന്നു, ഉദ്യോഗസ്ഥരുടെ പിന്തുണയോടെയോ അല്ലാതെയോ ലഭ്യമായ ബാലറ്റ് പേപ്പറിലെല്ലാം ജനാധിപത്യത്തിന്റെ മുദ്ര ചാർത്തുന്നു. എതിർസ്ഥാനാർഥിയുടെ പൊടി പോലും കാണില്ല. ചിലപ്പോൾ സ്ഥാനാർഥികൾ തന്നെ തോക്ക് ചൂണ്ടിക്കൊണ്ടാവും വരവ്. മുലായം സിംഗിനെ പരിഹസിക്കാൻ ഒരിക്കൽ ബി. ജെ. പി കണ്ടെത്തിയ തന്ത്രം നാമനിർദേശ പത്രികയുമായി ഒരു കൊള്ളക്കാരനെ പറഞ്ഞയക്കുകയായിരുന്നു. താടിയും കൊമ്പൻ മീശയും കാക്കിയുടുപ്പും തോക്കുമായെത്തുന്ന ആളായി മുഖ്യ സ്ഥാനാർഥി!
പക്ഷേ ആ വേലയൊന്നും അവിടെ ഏശിയില്ലെന്നു മാത്രം. ബൂത്ത് മുഴുവൻ ഭംഗിയായി കയ്യടക്കി വാഴുന്നവർ ഭൂരിപക്ഷം വർധിപ്പിച്ച് വർധിപ്പിച്ച് ജനാധിപത്യം ഊട്ടിയുറപ്പിക്കാനുള്ള വഴികൾ കണ്ടെത്തി. ഗുണപാഠം: ഭൂരിപക്ഷം കൂടുമ്പോൾ സംശയിക്കണം. കഴിഞ്ഞ ദിവസം ആരോ പറയുന്നതു കേട്ടു, രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വയനാട്ടിൽ അഞ്ചു ലക്ഷത്തിൽ കുറയാതാക്കണം.
സാധാരണ രീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പണമായും സാധനമായും വമ്പിച്ച ചെലവ് പതിവാണ്. ഈയിടെ കോഴിക്കോട്ട് കുരുക്കിൽ പെട്ട എം. കെ രാഘവൻ കോടികളുടെ കണക്ക് ചൊല്ലിയപ്പോൾ പലരും അന്ധാളിച്ചു. ചെലവ് ചുരുക്കാനും ചെലവിന്റെ കണക്ക് സത്യസന്ധമാക്കാനും ടി. എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരിക്കേ ചില നടപടികൾ തുടങ്ങി. അതിനെപ്പറ്റി അദ്ദേഹം തന്നെ അഭിമാനത്തോടെ സംസാരിച്ചുകൊണ്ടിരിക്കേ ഒരതിഥി കയറിവന്നു.
ഒരു ലോക്‌സഭാ സീറ്റിനു വേണ്ടി മുടക്കേണ്ടിവന്ന പണത്തിന്റെ കണക്ക് നിരത്തി അതിഥി. ശേഷൻ വേദനയോടെ ആത്മപരിശോധനയിൽ മുഴുകി. അതൊക്കെ എം.കെ രാഘവനുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നതിന് രണ്ടര പതിറ്റാണ്ടു മുമ്പായിരുന്നു.