വിമാനത്താവളം മാറുമ്പോള്‍ ടാക്‌സി നിരക്ക് കുറക്കുമെന്ന് ദുബായ് ആര്‍.ടി.എ

ദുബായ്- ദുബായ് വിമാനത്താവളം നവീകരണത്തിനായി അടക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ സൗകര്യമേര്‍പ്പെടുത്തിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ടാക്‌സി സൗകര്യമൊരുക്കുന്നു. അഞ്ച് ദിര്‍ഹമാകും മിനിമം നിരക്ക്. എയര്‍പോര്‍ട്ട് ടാക്‌സിക്ക് നിലവില്‍ 25 ദിര്‍ഹമാണ് മിനിമം യാത്രാനിരക്ക്. റണ്‍വേ നവീകരണത്തിനായി ഈ മാസം 16 മുതല്‍ മേയ് 30 വരെയാണു ദുബായ് വിമാനത്താവള റണ്‍വേ ഭാഗികമായി അടയ്ക്കുന്നത്.  
ഇന്ത്യയിലേക്ക് അടക്കമുള്ള പല പ്രധാന സര്‍വീസുകളും  അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ 45 ദിവസവും ടാക്‌സി നിരക്കില്‍ ഇളവുണ്ടാകുമെന്നു ദുബായ് ടാക്‌സി കോര്‍പറേഷന്‍ സി.ഇ.ഒ. ഡോ.യൂസഫ് മുഹമ്മദ് അല്‍ അലി പറഞ്ഞു.
അല്‍ മക്തൂം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഷെയര്‍ ടാക്‌സി സൗകര്യവും ഉപയോഗപ്പെടുത്താം. ഒന്നിലേറെ യാത്രക്കാരുണ്ടെങ്കില്‍ ഒരു ടാക്‌സിയില്‍ യാത്ര ചെയ്യാനാകും. വിമാനത്താവളത്തിലെ ടാക്‌സികളുടെ എണ്ണം കൂട്ടുകയും ചെയ്യും.

 

Latest News