അബുദബി- ഭാര്യയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച കുറ്റത്തിന് അറബ് പൗരന് അബുദബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഈ കേസ് ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ രമ്യമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കോടതി ശിക്ഷി വിധിച്ചത്. ഇത്രയും ഭാരിച്ച പിഴ തുക അടക്കാനുള്ള വരുമാനം തനിക്കില്ലെന്നും കടബാധ്യതയും മോശം ആരോഗ്യ സ്ഥിതിയും പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യണമെന്നും ഭര്‍ത്താവ് കോടതിയോട് അപേക്ഷിച്ചു.
താന്‍ മറ്റൊരു വനിതയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യ തനിക്കെതിരെ കേസ് നല്‍കിയതെന്നും ഭര്‍ത്താവ് പറഞ്ഞു. ഉറങ്ങുന്ന സമയത്ത് തന്റെ ഫോണ്‍ എടുത്ത് ഭാര്യ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് അയക്കുകയും ശേഷം തന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത് തന്നില്‍ നിന്നും മറച്ചു വച്ച് കെണിയിലാക്കുകയായിരുന്നെന്നും ഭര്‍ത്താവ് പറഞ്ഞു. അറബ് യുവതിയാണ് ഭര്‍ത്താവിനെതിരെ കേസ് നല്‍കിയത്. മക്കളുടെ ഭാവി പരിഗണിച്ച് പിഴ ശിക്ഷ റദ്ദാക്കണമെന്നും ഭര്‍ത്താവ് കോടതിയോട് അപേക്ഷിച്ചു. കേസ് അപ്പീല്‍ കോടതി ഏപ്രില്‍ 24-ന് വീണ്ടും പരിഗണിക്കും.