ബിജെപിക്ക് 90 ശതമാനം വോട്ട് ഉറപ്പാക്കിയില്ലെങ്കില്‍ കലാപം; മണിപ്പൂരില്‍ വിമത സായുധസേനയുടെ മുന്നറിയിപ്പ്

ഗുവാഹത്തി- മണിപ്പൂരില്‍ ബിജെപിക്ക് 90 ശതമാനം വോട്ടുകള്‍ ഉറപ്പാക്കിയില്ലെങ്കില്‍ കലാപം നേരിടേണ്ടി വരുമെന്ന് വിമത സായുധ സേനയായ കുകി നാഷണല്‍ ആര്‍മി (കെ.എന്‍.എ) ഗ്രാമത്തലവന്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കി. വോട്ടുറപ്പാക്കിയില്ലെങ്കില്‍ ഗ്രാമത്തലവന്‍മാര്‍ ആയിരിക്കും ഉത്തരവാദികളെന്നും അതിനു ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും വിഘടനവാദികളായ കെ.എന്‍.എ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മൊറേയിലെ ഒരു ഗ്രാമത്തില്‍ വിളിച്ചു ചേര്‍ത്ത ഗ്രാമത്തലവന്‍മാരുടെ യോഗത്തില്‍ കെ.എന്‍.എ കമാന്‍ഡര്‍ തങ്‌ബോയ് ഹവോകിപ് ആണ് ഈ മുന്നറിയിപ്പു നല്‍കിയത്. ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എച്.എസ് ബെഞ്ചമിന്‍ മാതെയുടെ വിജയം ഉറപ്പാക്കിയില്ലെങ്കില്‍ വേണ്ടിവന്നാല്‍ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ഭീഷണി. കുകി നാഷണല്‍ ആര്‍മിയെ കൂടാതെ മണിപ്പൂരിലെ മറ്റൊരു വിമത സായുധ സംഘടനയായ സോമി റിയുനിഫിക്കേഷന്‍ ഓര്‍ഗനൈസേഷനും തങ്ങള്‍ അനുകൂലിക്കുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് ബിജെപിയോട് അപേക്ഷിച്ചിരുന്നു. ഈ രണ്ടു വിഘടനവാദ സംഘനകളും പിന്തുണയ്ക്കുന്നയാളാണ് ബിജെപി സ്ഥാനാര്‍ത്ഥി ബെഞ്ചമിന്‍ മാതെ. 

ഇന്ത്യയിലെ മണിപ്പൂരിലും അയല്‍ രാജ്യമായ മ്യാന്‍മറിലുമായി വ്യാപിച്ചു കിടക്കുന്ന കുകി ജനതയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര ഭരണമേഖല രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുകി നാഷണല്‍ ഓര്‍ഗനൈസേഷന്റെ സായുധ സേനാ വിഭാഗമാണ് കുകി നാഷണല്‍ ആര്‍മി. കലാഷ്‌നിക്കോവ് തോക്കുകളടക്കം വലിയ ആയുധ ശേഖരം സ്വന്തമായുള്ള ഈ വിമത സേന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ നിലപാടുള്ളവരാണ്. തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പലതവണ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ വിതമ സേനയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 

1935-ല്‍ പ്രതീക അതിര്‍ത്തിയായി വേര്‍ത്തിരിച്ച ഇന്ത്യയിലേയും മ്യാന്‍മറിലേയും കുകി പ്രദേശങ്ങള്‍ സാലെംഗം എന്ന പേരില്‍ ഒറ്റ ഭരണ യൂണിറ്റിനു കീഴിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സാധ്യമല്ലെങ്കില്‍ വെസ്‌റ്റേണ്‍ സാലെംഗം എന്ന പേരില്‍ ഇന്ത്യയിലും ഈസ്റ്റേണ്‍ സാലെംഗം എന്ന പേരില്‍ മ്യാന്‍മറിലും രണ്ടു സ്റ്റേറ്റുകള്‍ വേണമെന്നും ഈ വിഘടനവാദ സംഘടന ആവശ്യപ്പെട്ടുവരുന്നു.  

Latest News